ട്രംപിന് രാഷ്ട്രപതി നൽകുന്ന വിരുന്നിൽ സോണിയാ ഗാന്ധി ഇല്ല; ബഹിഷ്‌കരിച്ച് കോൺഗ്രസ്

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി നൽകുന്ന വിരുന്ന് ബഹിഷ്‌കരിക്കാനൊരുങ്ങി കോൺഗ്രസ്. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ ചടങ്ങിൽ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. മുതിർന്ന നേതാക്കളായ ഗുലാംനബി ആസാദും അധിർരഞ്ജൻ ചൗധരിയും പങ്കെടുക്കില്ല.
അതേസമയം, മോദിയും- ട്രംപും പങ്കെടുക്കുന്ന പരിപാടിക്കായുളള ഒരുക്കത്തിലാണ് ഗുജറാത്ത്. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായ ബീസ്റ്റിലാണ് ഇരു നേതാക്കളും റോഡ് ഷോ നടത്തുക.
ഇരുനേതാക്കളും ചേർന്ന് നടത്തുന്ന റോഡ് ഷോ കടന്നുപോകുന്ന 22 കിലോമീറ്റർ ദൂരം വിവിധ സംസ്ഥാനങ്ങളുടെ തനത് കലാരൂപങ്ങൾ അരങ്ങേറും. മൊട്ടേര സ്റ്റേഡിയത്തിലെ മെഗാ ഷോയിൽ എആർ റഹ്മാനും സോനു നിഗവും നേതൃത്വം നൽകുന്ന വമ്പൻ സംഗീതനിശയും ബോളിവുഡ് താരങ്ങളുടെ കലാപ്രകടനങ്ങളും അരങ്ങിലെത്തും. സച്ചിൻ മുതൽ ഗാംഗുലി വരെയുള്ളവർ പ്രത്യേക ക്ഷണിതാക്കളാണ്.
എന്നാൽ, പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ആശങ്കകളെ കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തുമെന്ന് വെളിപ്പെടുകയുണ്ടായി. വൈറ്റ്ഹൗസ് വ്യത്തങ്ങളെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പുതിയ ആണവകരാർ സംബന്ധിച്ചും ചർച്ച നടക്കുമെന്നാണ് റിപ്പോർട്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here