അനധികൃത സ്വത്ത് സമ്പാദന കേസ് : മുന്‍മന്ത്രി വി എസ് ശിവകുമാറിനെതിരെ അന്വേഷണം ശക്തമാക്കി വിജിലന്‍സ്

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍മന്ത്രി വി എസ് ശിവകുമാറിനെതിരെ അന്വേഷണം ശക്തമാക്കി വിജിലന്‍സ്. ശിവകുമാറിന്റെ ലോക്കര്‍ വിജിലന്‍സ് സാന്നിധ്യത്തില്‍ തുറക്കണമെന്നാവശ്യപ്പെട്ട് നാളെ ബാങ്കിന് കത്ത് നല്‍കും. കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ ംഘത്തെയും വിപുലീകരിച്ചു.

ശിവകുമാറിന്റെ വീട്ടില്‍ ഒരു ദിവസം മുഴുവന്‍ പരിശോധന നടത്തി രേഖകള്‍ ശേഖരിച്ചെങ്കിലും അന്വേഷണ സംഘത്തിന് ലോക്കര്‍ തുറക്കാനായിരുന്നില്ല. താക്കോല്‍ കാണാനില്ലെന്ന് മറുപടി നല്‍കിയ ശിവകുമാര്‍ ലോക്കറിന്റെ നമ്പര്‍ വിജിലന്‍സിന് കൈമാറുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തെ ബാങ്കിന് നാളെ കത്ത് നല്‍കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. അന്വേഷണം നടക്കുന്നതിനാല്‍ വിജിലന്‍സ് സംഘത്തിന്റെ സാന്നിധ്യത്തില്‍ ലോക്കര്‍ തുറക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

കേസിലെ എല്ലാ പ്രതികളുടെയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കേണ്ടതിനാല്‍ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ് പി വിഎസ് അജിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഒരു ഡിവൈ എസ്പി, രണ്ട് സി ഐ, എന്നിവര്‍ക്ക് പുറമെ വിജിലന്‍സ് ആസ്ഥാനത്തെ അക്കൗണ്ട് ഓഡിറ്റ് ഓഫീസറുമുണ്ടാകും. പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷമാകും ചോദ്യം ചെയ്യല്‍ നടപടികള്‍ ആരംഭിക്കുക. അതേസമയം, ശിവകുമാറുമായി അടുപ്പം പുലര്‍ത്തിയിരുന്ന മറ്റ് ചിലരെയും വിജിലന്‍സ് സംഘം നിരീക്ഷിച്ച് വരികയാണ്.

Story highlight: Vigilance case, former minister VS Sivakumar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top