പെരിയ കൊലപാതകം: സിബിഐ ഓഫിസിന് മുന്നിൽ സത്യാഗഹ സമരവുമായി ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങൾ

പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത്‌ലാലിന്റെയും കൃപേഷിന്റെ കുടുംബാംഗങ്ങൾ കൊച്ചിയിലെ സിബിഐ ഓഫിസിന് മുന്നിൽ സത്യഗഹ സമരം നടത്തി. സിബിഐ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നാരോപിച്ചായിരുന്നു സമരം. ഹൈക്കോടതി ഉത്തരവിന് സുപ്രിംകോടതി സ്‌റ്റേ നൽകിയിട്ടില്ലെങ്കിലും അന്വേഷണം മരവിച്ച അവസ്ഥയിലാണ്.
പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സംസ്ഥാന പൊലീസ് തയാറാക്കിയ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസ് സിബിഐക്ക് കൈമാറി ഉത്തരവുമിട്ടു. പിന്നീട് കേസ് രേഖകൾ സംസ്ഥാന പൊലീസ് സിബിഐക്ക് കൈമാറാൻ തയ്യാറാവുന്നില്ലെന്നുകാട്ടി മാതാപിതാക്കൾ കോടതിയലക്ഷ്യ ഹർജി നിൽകി. തുടർന്നാണ് കഴിഞ്ഞ വർഷം ഒക്ടോബർ 25ന് കേസിൽ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സർക്കാർ അപ്പീൽ, നൽകിയെങ്കിലും ഹൈക്കോടതി തള്ളി. തുടർന്ന് സർക്കാർ സുപ്രിം കോടതിയെ സമീപിച്ചു. ഈ ഹർജിയിൽ വിധി പറയാനിരിക്കുകയാണ്.
സുപ്രിംകോടതി സ്‌റ്റേ അനുവദിച്ചിട്ടില്ലെങ്കിലും അന്വേഷണം തടസപ്പെട്ട നിലയിലാണ്. ഈ സാഹചര്യത്തിലാണ് കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളും സഹോദരിമാരുമുൾപെടെയുള്ള കുടുംബാംഗങ്ങൾ പെരിയയിൽ നിന്ന് കൊച്ചിയിലെ സിബിഐ ഓഫിസിന് മുന്നിലെത്തി സത്യഗ്രഹ സമരം നടത്തിയത്. കേസിലെ ഉന്നത ഗൂഡാലോചന പുറത്തുവരണം. സിബിഐ അന്വേഷണത്തിലൂടെയേ മുഴുവൻ കുറ്റവാളികളെയും നിയമത്തിന് മുന്നിലെത്തിക്കാനാവൂ എന്ന് ശരത്‌ലാലിന്റെ കുടുംബാംഗം പറയുന്നു.
കേസ് അട്ടിമറിക്കാൻ സർക്കാർ ആസൂത്രിത ഗൂഡാലോചന നടത്തുകയാണെന്ന് കൃപേഷിന്റെ സഹോദരി പറഞ്ഞു. നീതി ലഭിക്കുംവരെ പൊരുതുമെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. സ്റ്റേയില്ലാത്ത പശ്ചാത്തലത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സിബിഐ കോടതിയിൽ സമർപ്പിക്കണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.
Story Highlights- CBI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here