പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരത്തിൽ മുഖ്യമന്ത്രിക്ക് ആത്മാർഥതയില്ല: ജസ്റ്റിസ് കെമാൽ പാഷ

തന്നെ വിമർശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി കെമാൽ പാഷ. പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരത്തിൽ മുഖ്യമന്ത്രിക്ക് ആത്മാർഥതയില്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരായി സമരം ചെയ്യുന്നവരുടെ പേരിൽ കേസെടുക്കുന്നത് ഇതിന് തെളിവാണ്. കടയടച്ച് പ്രതിഷേധിച്ചവർക്കെതിരെ പോലും കേസെടുത്തു. പൊലീസിനും മുഖ്യമന്ത്രിക്കും ഇതിന് എന്ത് അധികാരമാണുള്ളതെന്ന് ജസ്റ്റിസ് ചോദിച്ചു. കട അടയ്ക്കുന്നതും തുറക്കുന്നതും തീരുമാനിക്കുന്നത് കടയുടമയാണ്.
കള്ളം പറയുക, ആശങ്ക പരത്തുക എന്നൊക്കെ പറയുന്നത് സമരത്തെ തളർത്തുന്നതിന് തുല്യമാണ്. അദ്ദേഹത്തിന് ആരെയെങ്കിലും ഭയക്കേണ്ടതായിരിക്കാം, തനിക്കതില്ലെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. തന്നെ ഭീകരനായി ചിത്രീകരിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. സിഎഎയെ എതിർക്കുന്നവരെ സ്വാഗതം ചെയ്യുന്നുവെങ്കിൽ അവർക്കൊപ്പം പ്രതിഷേധിക്കുകയും വേണം.
ജനസംഖ്യാ രജിസ്റ്ററിന്റെ കാര്യത്തിൽ താൻ കള്ളം പറഞ്ഞുവെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. താൻ ഒരു ഇസ്ലാമിസ്റ്റ് സംഘടനയുടെയും ആളല്ലെന്നും കെമാൽ പാഷ ട്വന്റിഫോറിനോട് പറഞ്ഞു. കെമാൽ പാഷ ജമാഅത്ത് ഇസ്ലാമിയുടെ നാവാകുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. സമരത്തിനെ തളർത്തുന്ന കാഴ്ചപ്പാടാണ് മുഖ്യമന്ത്രി പിണറായി വിജയന്റെത്. അതിനെ താൻ വിമർശിച്ചിരുന്നു. താൻ പറഞ്ഞത് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചിരിക്കാമെന്നും ജസ്റ്റിസ് കെമാൽ പാഷ.
kamal pasha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here