വിവാദ ചൈനീസ് സ്വീഡിഷ് പുസ്തക പ്രസാധകന്‍ ഗുയി മിന്‍ഹായിന് പത്ത് വര്‍ഷത്തെ തടവ് ശിക്ഷ

വിവാദ ചൈനീസ് സ്വീഡിഷ് പുസ്തക പ്രസാധകന്‍ ഗുയി മിന്‍ഹായിന് പത്ത് വര്‍ഷത്തെ തടവ് ശിക്ഷ. വിദേശ രാജ്യത്തിന് വിവരം ചോര്‍ത്തി നല്‍കി എന്ന കുറ്റത്തിന് ചൈനീസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കിഴക്കന്‍ ചൈനയിലെ തുറമുഖ നഗരമായ നിങ്‌ബോയിലെ കോടതിയാണ് ചൈനയില്‍ ജനിച്ച് സ്വീഡിഷ് പൗരത്വമുള്ള പുസ്തക പ്രസാധകന്‍ ഗുയി മിന്‍ഹായിയെ പത്ത് വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചത്. ഹോങ്കോങില്‍ പ്രസിദ്ധീകരണശാലയുള്ള മിന്‍ഹായി ചൈനയിലെ ഭരണകൂടത്തെയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഉന്നതരെയും ആക്ഷേപഹാസ്യത്തിലൂടെ വിമര്‍ശിക്കുന്ന പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചിരുന്നത്.

ചൈനീസ് ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായ ഗുയി മിന്‍ഹായി പലതവണ ചൈനീസ് പൊലീസിന്റെ പിടിയിലായിട്ടുണ്ട്. 2015 ല്‍ തായ്‌ലന്‍ഡിലെ ഒഴിവുകാല വസതിയില്‍ നിന്ന് ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത് ബെയ്ജിങ്ങിലെത്തിക്കുകയായിരുന്നു. ഇത് ചൈനയും സ്വീഡനും തമ്മിലുള്ള നയതന്ത്ര അസ്വാരസ്യങ്ങള്‍ക്ക് വരെ കാരണമായി. പിന്നീട് 2017ല്‍ ഗുയിയെ മോചിപ്പിച്ചെങ്കിലും ചൈന വിട്ടുപോകാന്‍ അനുവദിച്ചിരുന്നില്ല. നിങ്‌ബോയില്‍ ജനിച്ച ഗുയി മിന്‍ഹായി 1990കളിലാണ് സ്വീഡിഷ് പൗരത്വം സ്വീകരിച്ചത്. എന്നാല്‍ 2018ല്‍ തന്റെ ചൈനീസ് പൗരത്വം പുന:സ്ഥാപിക്കാന്‍ ഗുയി അപേക്ഷ നല്‍കിയിരുന്നു.

 

Story Highlights: Guy Minh,  controversial Chinese Swedish book publisher,  sentenced to ten years in prison

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top