എംഎസ്എഫ് ഭാരവാഹി തെരഞ്ഞെടുപ്പ്; സ്വാദിഖലി ശിഹാബ് തങ്ങൾക്ക് പിന്തുണയുമായി പത്ത് ജില്ലാ കമ്മറ്റികൾ

വിവാദമായ എംഎസ്എഫ് ഭാരവാഹി തെരഞ്ഞെടുപ്പിൽ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾക്ക് പിന്തുണയുമായി പത്ത് ജില്ലാ കമ്മറ്റികൾ രംഗത്ത്. സ്വാദിഖലി തങ്ങളെടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്ന് വ്യക്തമാക്കി പത്ത് ജില്ലാ കമ്മറ്റികൾ ഹൈദരലി തങ്ങൾക്ക് കത്ത് നൽകി. സ്വാദിഖലി തങ്ങൾ നിർദേശിച്ച പികെ നവാസ് തന്നെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആയേക്കും. ഔദ്യോഗിക പക്ഷത്തിന് കനത്ത തിരിച്ചടി നൽകുന്നതാണ് ജില്ലാ കമ്മറ്റികളുടെ നിലപാട്. കൗൺസിൽ യോഗത്തിനിടെ നേതാക്കളെ ലീഗ് ഓഫീസിൽ പൂട്ടി ഇട്ടതോടെയാണ് എംഎസ്എഫ് ഭാരവാഹി തെരഞ്ഞെടുപ്പ് വിവാദമായത്.
Read Also: എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റിനെ സസ്പെന്ഡ് ചെയ്തു
കഴിഞ്ഞ ദിവസം എംഎസ്എഫ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കാൻ വിളിച്ചു ചേർത്ത കൗൺസിൽ യോഗത്തിനിടെ നേതാക്കളെ പൂട്ടിയിട്ട സംഭവത്തിൽ ആറ് എംഎസ്എഫ് പ്രവർത്തകർക്ക് സസ്പെൻഷൻ നൽകിയിരുന്നു. കോഴിക്കോട് വച്ച് നടന്ന എംഎസ്എഫ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള കൗൺസിൽ യോഗം ബഹളത്തിൽ കലാശിച്ചിരുന്നു. മുതിർന്ന ലീഗ് നേതാക്കളെ പ്രവർത്തകർ പൂട്ടിയിടുകയും ചെയ്തു. ആഭ്യന്തര തർക്കം പരസ്യമായതോടെ മായിൻ ഹാജി, പിഎംഎ സലാം എന്നിവരെ ലീഗ് നേതൃത്വം അന്വേഷണ കമ്മീഷനായി നിയോഗിച്ചു.
എന്നാൽ അച്ചടക്ക ലംഘനം നടത്തിയവർക്കെതിരെ നടപടി വൈകുന്നതിൽ ചിലർ അമർഷം പ്രകടിപ്പിച്ചിരുന്നു. ഇതോടെ കമ്മീഷൻ അംഗങ്ങൾ പാണക്കാട് എത്തി ഹൈദരലി ശിഹാബ് തങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ഭാരവാഹികളും സംസ്ഥാന കൗൺസിൽ അംഗങ്ങളുമുൾപ്പടെ ആറ് പേരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
കാമ്പസ് കൗൺസിൽ കൺവീനർ മുഫീദ് റഹ്മാൻ, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെടി ജാസിം, കൊടുവള്ളി മണ്ഡലം പ്രസിഡന്റ് കെപി റാഷിദ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അർഷാദ് ജാതിയേരി, ഇ കെ ശഫാഫ് പേരാവൂർ, ഷബീർ അലി തെക്കേകാട്ട് തുടങ്ങിയവരെയാണ് സസ്പെൻഡ് ചെയ്തത്. എംഎസ്എഫ് ഔദ്യോഗിക പക്ഷത്തിന് ഒപ്പം നിൽക്കുന്നവരാണ് പുറത്താക്കപ്പെട്ടവർ. പൊട്ടലും ചീറ്റലും ഇല്ലാതെ എംഎസ്എഫ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് പൂർത്തിയാക്കുക എന്നതാണ് ഇനി ലീഗ് നേതൃത്വത്തിന്റെ മുന്നിലെ വെല്ലുവിളി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here