പോണ്‍ വിഡിയോ അഡിക്ഷന്‍ ; പ്രശ്‌നങ്ങളും പരിഹാരവും

പോണ്‍ വിഡിയോ കാണുന്നത് ഒരു തരം ആസക്തി ആണോ? അതെ എന്നാണ് ഉത്തരം. മദ്യം പോലെ പോണ്‍ വിഡിയോ അഡിക്ഷനും ഒരുതരം ലഹരി തന്നെയാണ്. പ്രായത്തിനനുസരിച്ച് ശീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തെ ഈ ലഹരി നശിപ്പിക്കും. സാമൂഹിക ജീവതം പോണ്‍ വിഡിയോ അഡിക്ഷന്‍ തകര്‍ക്കും. പോണ്‍ ആസാക്തി കാരണമുണ്ടാവുന്ന പ്രശ്‌നങ്ങളും പ്രഥമിക ചികിത്സ രീതികളും മാത്രമാണ് ഈ ലേഖനത്തിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നത്.
2002 വരെ നടന്ന പഠനങ്ങള്‍ പ്രകാരം 40 തികഞ്ഞിട്ടില്ലാത്തവരില്‍ ശരാശരി രണ്ട് ശതമാനത്തില്‍ മാത്രമാണ് ലൈംഗിക പ്രശ്‌നങ്ങള്‍ കണ്ടിരുന്നത്. എന്നാല്‍ 2010ന് ഇപ്പുറം അത് 30 ശതമാനത്തോളമായി. ചെറുപ്പക്കാരില്‍ ലൈംഗിക പ്രശ്‌നങ്ങളുടെ മുഖ്യ കാരണങ്ങളായ അമിതവണ്ണത്തിന്റേയും പുകവലിയുടേയുമൊന്നും നിരക്ക് ഈ ഇടവേളയില്‍ സാരമായി വര്‍ധിച്ചിട്ടുമില്ല. എന്നാല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വ്യാപകമാവുകയും ഇന്റര്‍നെറ്റ് ഡാറ്റയ്ക്ക് ചെലവ് കുറയുകയും പോണ്‍സൈറ്റുകള്‍ സ്ട്രീമിംഗ് സൗകര്യമൊരുക്കുകയും ഒക്കെയുണ്ടായി താനും. ഇതൊക്കെ പോണിന് നല്ല പ്രചാരം കിട്ടാന്‍ കാരണമായെന്നും തന്മൂലമാണ് ലൈംഗിക പ്രശ്‌നങ്ങള്‍ പെരുകുന്നത് എന്നുമാണ് ശാസ്ത്രലോകത്തിന്റെ അനുമാനം.
പോണ്‍ കാണല്‍ ശീലമാക്കിയാല്‍ ഉണ്ടായേക്കാവുന്ന ലൈംഗിക പ്രശ്‌നങ്ങള്‍
പോണ്‍ വിഡിയോ ആസക്തി ഒരോ വ്യക്തിയിലും വ്യത്യസ്തമായ പ്രശ്‌നങ്ങളാണുണ്ടാക്കുന്നത്. എന്നാല്‍ പൊതുവായി പോണ്‍ ആസക്തി പ്രായപൂര്‍ത്തിയായ ഒരാളെ ബാധിക്കുന്നത് റിലേഷന്‍ഷിപ്പിലുള്ള മടുപ്പ് ആയിട്ടാണ്. പങ്കാളിയിലുള്ള താത്പര്യകുറവ് നിങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിക്കും. പങ്കാളിയുമായി ബന്ധപ്പെടുമ്പോള്‍ ശീഘ്ര സ്ഖലനം സംഭവിക്കാതിരിക്കുകയോ ചെയ്യുക, പോണ്‍ ഇന്‍ഡ്യൂസ്ഡ് ഇറക്ടൈല്‍ ഡിസ്ഫംഗ്ഷന്‍( ഉദ്ധാരണം നടക്കാതിരിക്കല്‍), പങ്കാളിയോടുള്ള താത്പര്യം നശിക്കല്‍, പങ്കാളിയില്‍ നിന്നും മാത്രമല്ല, പോണില്‍ നിന്നുപോലും ഉത്തേജനമോ ഉദ്ധാരണമോ കിട്ടാതാവുക.
ഇത്തരം പ്രശ്‌നങ്ങള്‍ നിങ്ങളെ ഭീകരമായ വിഷാദ രോഗത്തിന് അടിമയാക്കും. നിങ്ങളുടെ സാമൂഹിക ജീവതത്തെ പോണ്‍ അഡിക്ഷന്‍ പ്രതികൂലമായി ബാധിക്കും. കുടുംബവുമായോ കൂട്ടുകാരുമായോ ഒരുമിച്ചിരിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടാതെ വരും. തനിച്ചാവനും പോണ്‍ വിഡിയോ കാണാനുള്ള അന്തരീക്ഷത്തില്‍ എത്തിപ്പെടാനും നിങ്ങള്‍ ശ്രമിച്ച് കൊണ്ടേയിരിക്കും. ഈ ഏകാന്തവാസം നിങ്ങളെ മാനസികമായി തളര്‍ത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളു.
മറ്റ് ലഹരി പോലെ പോണ്‍ വിഡിയോ കാണുന്ന സമയം തുടക്കത്തില്‍ കുറവാണെങ്കില്‍ ആസക്തി കൂടുന്നതനുസരിച്ച് സമയത്തിന്റെ ദൈര്‍ഘ്യം കൂടുകയും വിഡിയോകളിലെ പുതുമകള്‍ തേടിയുള്ള അലച്ചിലും ആരംഭിക്കും. പോണ്‍ വിഡിയോയില്‍ കാണുന്നതാണ് ലൈംഗികത എന്ന തെറ്റായ ധാരണ കാരണം സെക്‌സിനെ വളരെ ക്രൂരമായ ഒന്നായി കാണുന്ന കേസുകളുടെ എണ്ണവും ചെറുതല്ല. ഇങ്ങനെ പോണ്‍ വിഡിയോ നിശബ്ദമായി ഒരാളില്‍ വൈലന്‍സ് ഉണ്ടാക്കും. പോണ്‍ അഡിക്ഷന്‍ ഉള്ളവര്‍ക്ക് ദേഷ്യം കൂടുതലായിരിക്കും. ഇതെല്ലാം പ്രായ വ്യത്യാസമില്ലാതെ പോണ്‍ വിഡിയോ ആസക്തി ഉണ്ടാക്കുന്ന പ്രധാന പ്രശ്‌നങ്ങളാണ്.
പുതിയ പഠനങ്ങള്‍ അനുസരിച്ച് പത്തില്‍ ഒന്‍പത് ആണ്‍കുട്ടികളും പോണ്‍ വിഡിയോ ഇഷ്ടപ്പെടുന്നവരാണ്. പത്തില്‍ ആറ് പെണ്‍കുട്ടികളും പോണ്‍ വിഡിയോ കാണാന്‍ ആഗ്രഹിക്കുന്നവരാണ്. കൗമാരക്കാരില്‍ പോണ്‍ അഡിക്ഷന്‍ കൂടുതല്‍ ആഴത്തിലാണ് ബാധിക്കുന്നത്. സ്വഭാവ രൂപീകരണത്തിന്റെ കാലഘട്ടം ആയത് കൊണ്ട് തന്നെ അഡിക്ഷന്‍ കാരണമുണ്ടാവുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമാവും. കുട്ടികളില്‍ സാഹസികത അല്ലെങ്കില്‍ എന്തും പരീക്ഷിക്കാനുള്ള ത്വര കൂടാന്‍ പോണ്‍ അഡിക്ഷന്‍ കാരണമാവും. പോണ്‍ അഡിക്ഷനുള്ള കുട്ടികള്‍ അത്തരം ചങ്ങാത്തങ്ങളില്‍ മാത്രം എത്തിപ്പെടാന്‍ പ്രത്യേകം ശ്രദ്ധിക്കും. പോണ്‍ അഡിക്ഷനുള്ള ആണ്‍കുട്ടികളില്‍ പെണ്‍കുട്ടികളോടുള്ള കാഴ്ചപ്പാട് തന്നെ മാറും. പെണ്‍കുട്ടികളെ അടിമകളായി കാണാനും സ്ത്രീ വിരുദ്ധത വര്‍ധിക്കാനും കാരണമാവും. തുല്യത എന്ന ബാലപാഠം കൗമാരക്കാരില്‍ ഇല്ലാതാവാന്‍ പോണ്‍ കാരണമാവും. കുട്ടികളില്‍ അക്രമവാസന കൂടാനും ഇത് കാരണമാവും.
തലച്ചോറില്‍ സംഭവിക്കുന്നത്
ലൈംഗികാനുഭവങ്ങളിലൂടെ കടന്നുപോവുമ്പോള്‍ നമുക്ക് ആനന്ദം തോന്നുന്നത് ന്യൂക്ലിയസ് അക്യുമ്പന്‍സ് എന്ന മസ്തിഷ്ക ഭാഗത്ത് ഡോപമിന്‍ എന്ന നാഡീരസം സ്രവിക്കപ്പെടുന്നതിനാലാണ്. മസ്തിഷ്‌ക കോശങ്ങളുടെ പുറംഭിത്തികളിലുള്ള സ്വീകരണികളില്‍ ആണ് ഈ ഡോപമിന്‍ പ്രവര്‍ത്തിക്കുക. പോണ്‍ കാഴ്ച നമുക്ക് സന്തോഷം തരുന്നതും ഇതേ പ്രക്രിയയിലൂടെയാണ്. എന്നാല്‍ പോണ്‍കാഴ്ച അമിതമായാല്‍ ഡോപമിന്‍ ഏറെ വര്‍ധിതമായ അളവില്‍ ഇടയ്ക്കിടെ സ്രവിക്കപ്പെടാന്‍ വഴിയൊരുങ്ങുന്നുണ്ട്. ഇത് നിയന്ത്രിക്കാന്‍ തലച്ചോര്‍ ഡോപമിന്‍ പ്രവര്‍ത്തിക്കുന്ന സ്വീകരണികളുടെ എണ്ണം കുറയ്ക്കും. ഇത്തരക്കാര്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ലൈംഗിക ആനന്ദം ലഭിക്കില്ല.
പരിഹാരങ്ങള്‍
ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ മാനസികമോ ശാരീരികമോ ആയ വിവിധ കാരണങ്ങള്‍ ഉണ്ടാകാം. അതിനാല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണം പോണ്‍ ആണെന്ന് സ്വയം വിധിയെഴുതുന്നതിന് മുന്‍പ് വിദഗ്ധ പരിശോധനകള്‍ തേടുന്നത് നന്നാകും. ഇത് ഒരു മാനസിക പ്രശ്‌നമാണെന്നിരിക്കെ പ്രത്യേകം മരുന്നുകളോ ചികിത്സകളോ ഇല്ല. എന്നാല്‍ ഈ ശീലം ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. പോണില്‍ നിന്നും കുറച്ച് കാലത്തേക്ക് വിട്ടുനിന്നാല്‍ പലരുടേയും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. ചെറുപ്പകാലത്താണ് ഇത്തരം വീഡിയോകള്‍ക്ക് അടിമപ്പെടുന്നതെങ്കില്‍ പ്രശ്‌നം പരിഹരിക്കപ്പെടാന്‍ വര്‍ഷങ്ങളെടുത്തേക്കാം. ചെറുപ്പത്തില്‍ പോണ്‍ ഉപയോഗം തുടങ്ങിയവര്‍ക്ക് തലച്ചോറില്‍ ഉളവായിക്കഴിഞ്ഞ വ്യതിയാനങ്ങള്‍ കൂടുതല്‍ തീവ്രമായിരിക്കും എന്നതിനാലാണ് ഇത്. പോണ്‍ ഉപയോഗം നിര്‍ത്തിവെക്കുന്നതില്‍ നിരന്തരം പരാജയപ്പെടുന്നവര്‍ക്ക് സൈക്കോളജിസ്റ്റിന്‍റെ സഹായം ഫലപ്രദമാവാം.
ചികിത്സ
നിങ്ങളുടെ ആശങ്കകള്‍ മൂടി വെക്കാതെ എത്രയും പെട്ടെന്ന് വിദഗ്ധ അഭിപ്രായം തേടുക എന്നതാണ് പ്രധാനം. നിങ്ങളുടെ അവസ്ഥ മനസിലാക്കി സഹായിക്കാന്‍ അവര്‍ക്ക് പറ്റും. ആവശ്യമെങ്കില്‍ വ്യക്തിഗത ചികിത്സാ പദ്ധതി നിര്‍ദേശിക്കാനും ഇത്തരം കൂടിക്കാഴ്ചയിലൂടെ സാധിക്കും.
വിവിധ തരം തെറാപ്പികള്‍
പോണ്‍ അഡിക്ഷന്‍ നിങ്ങളെ എത്രത്തോളം ബാധിച്ചു എന്നതിനെ ആശ്രയിച്ചാണ് ചികിത്സകള്‍ തീരുമാനിക്കുന്നത്. ആവശ്യാനുസരണം വ്യക്തി, ഗ്രൂപ്പ് അല്ലെങ്കില്‍ കുടുംബ കൗണ്‍സിലിംഗ് ശുപാര്‍ശ ചെയ്യും
നിങ്ങളെ പോണിനോട് അടുപ്പിക്കുന്ന കാരണങ്ങള്‍ എന്താണെന്ന് മനസിലാക്കാന്‍ കൗണ്‍സിലിംഗ് സെഷനുകള്‍ സഹായിക്കും. പോണ്‍ വിഡിയോയുമായുള്ള നിങ്ങളുടെ ബന്ധം മാറ്റുന്നതിന് ഫലപ്രദമായ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ ഇത്നെ സൈക്കോളജിസ്റ്റിനെ സഹായിക്കും. ഒരേ വിഷയത്തില്‍ നേരിട്ട് പരിചയമുള്ള ഒരാളോട് സംസാരിക്കാന്‍ അവസരം ഒരുക്കുന്നതും സഹായകരമാവും. നിങ്ങളുടെ സാമൂഹികപരമായ ഇടപെടല്‍ വര്‍ധിപ്പിക്കുക, താത്പര്യമുള്ള മറ്റ് മേഖലകളില്‍ നിങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുക എന്നതാണ് പ്രധാനമായും വ്യക്തിഗത തെറാപ്പിക്കൊണ്ട് ഉദ്ദേശിക്കുന്നത്.
കൊഗ്‌നിറ്റീവ് ബിഹേവീയറല്‍ തെറാപ്പി:
ഇരുട്ട് പേടിയുള്ള ഒരാളെ ആദ്യം പിടിച്ച് ഇരുട്ടത്ത് നിര്‍ത്തുകയല്ല സാധാരണ ചെയ്യുന്നത്.ഇത്തരത്തില്‍, പോണ്‍ വിഡിയോ ആസക്തി ഉള്ളവരോട് അതിന് കാരണമായ ഓര്‍മകളോ തെറ്റായ ധാരണകളോ കണ്ടെത്തി യാഥാര്‍ത്ഥ്യം മനസിലാക്കി കൊടുക്കും. ഇത്തരം ഓര്‍മകളോ ധാരണകളോ മാറ്റാന്‍ ആവശ്യമായ പരിശീലനം നല്‍കും. മോട്ടിവേഷന്‍ ഇന്റര്‍വ്യൂ, ഡിസിഷന്‍ മേക്കിംഗ് പ്രോസസ് എന്നതും ഈ തെറാപ്പിയുടെ ഭാഗമാണ്.
മൈന്‍ഡ് ഫുള്‍നെസ് ബേസ്ഡ്, കപ്പിള്‍ തെറാപ്പി എന്നിങ്ങനെ വിവിധങ്ങളായ ചികിത്സാ രീതികളും ലഭ്യമാണ്. ആസക്തിയുള്ള ആളിന്‍റെ പ്രായം, പ്രശ്നത്തിന്‍റെ സ്വഭാവം എന്നിവ കണക്കിലെടുത്താണ് ചികിത്സയ്ക്കായി എത് തെറാപ്പിയാണ് ഉപയോഗിക്കേണ്ടത് എന്ന് തീരുമാനിക്കുക.
Story Highlights- Porn video addiction; Problems and solutions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here