‘ബറോസ്’ ആദ്യ ഷെഡ്യൂൾ ജൂണിൽ; വ്യക്തമാക്കി മോഹൻലാൽ

മോഹൻലാൽ സംവിധായകന്റെ കുപ്പായമണിയുന്ന ബറോസിന്റെ ആദ്യ ഷെഡ്യൂൾ ഈ വർഷം ജൂണിൽ ആരംഭിക്കും. ജൂൺ അവസാനത്തോടെ ചിത്രീകരണം തുടങ്ങുമെന്ന് മോഹൻലാൽ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. ഗോവയിലും കേരളവുമാണ് പ്രധാന ലൊക്കേഷൻ. ത്രീ ഡി ചിത്രമായതിനാൽ കുറേ ഭാഗങ്ങൾ സ്റ്റുഡിയോയിൽ സെറ്റ് ഇട്ട് ചിത്രീകരിക്കാനുണ്ടെന്നും മോഹൻലാൽ പറഞ്ഞു.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ബ്ലോഗിലൂടെയായിരുന്നു സംവിധായകനാകുന്ന കാര്യം മോഹൻലാൽ വ്യക്തമാക്കിയത്. ബറോസ് തിരക്കഥാ ചർച്ചയിൽ പ്രിയദർശനും ഭാഗമായിരുന്നു. എന്നാൽ പ്രിയദർശൻ സിനിമകളുടെ അതേ മാജിക് തന്റെ ചിത്രത്തിൽ പ്രതീക്ഷിക്കേണ്ടതില്ലെന്നും മോഹൻലാൽ പറഞ്ഞു.
2019 ഒക്ടോബറിൽ ബറോസിന്റെ ചിത്രീകരണം തുടങ്ങുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഏറ്റെടുത്ത മറ്റ് ചിത്രങ്ങൾ മോഹൻലാലിന് പൂർത്തിയാക്കേണ്ടതുള്ളതിനാൽ ചിത്രീകരണം നീളുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here