ഇന്ത്യാ പക്ഷത്ത് വോട്ടു ചോര്‍ന്നു;പ്രതിപക്ഷ ഐക്യം ദുര്‍ബലമോ?

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പോടെ ഇന്ത്യാ സഖ്യത്തിന് പുതുജീവന്‍ കൈവരുമെന്ന് പ്രതീക്ഷിച്ച നേതൃത്വത്തിന് വന്‍ തിരിച്ചടി. എന്‍ ഡി എ സഖ്യത്തിന് വന്‍ തിരിച്ചടിയുണ്ടാവുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞു. 15 വോട്ടുകള്‍ എന്‍ ഡി എയ്ക്ക് നല്‍കിയത് ആരൊക്കെയാണെന്നുള്ള ആശങ്കയിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസുമായി അകന്നു നില്‍ക്കുന്ന ആം ആദ്മി പാര്‍ട്ടിയടക്കം ബി ജെ പി വിരുദ്ധരെല്ലാം ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ഥിക്ക് അനുകൂലമായി വിധിയെഴുതുമെന്നായിരുന്നു പ്രതീക്ഷകള്‍. എന്നാല്‍ എന്‍ഡിയുടെ പെട്ടിയില്‍ വീണത് 452 വോട്ടുകളാണ്. (Cross-Voting Clouds Rain On INDIA Bloc After CP Radhakrishnan Elected VP)
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യാ സഖ്യത്തില്‍ അഭിപ്രായ ഭിന്നതകള്‍ ഉടലെടുത്തു. ഡല്‍ഹി, ഹരിയാന, ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഏകപക്ഷീയ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതായി ആരോപണമുയര്‍ന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെതിരെ ആംആദ്മി പാര്‍ട്ടി കടുത്ത നിലപാടുകള്‍ സ്വീകരിച്ചു. ബിജെപിയേയും കോണ്‍ഗ്രസിനേയും ആംആദ്മി പാര്‍ട്ടി ശത്രുപക്ഷത്ത് നിര്‍ത്തിയതോടെ ഇന്ത്യാ മുന്നണിയില്‍ ഭിന്നത നിഴലിച്ചു. പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയും കോണ്‍ഗ്രസും തമ്മില്‍ വലിയ അകല്‍ച്ചയിലാണ്.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ വോട്ട് ചോരി പ്രക്ഷോഭ യാത്രയ്ക്ക് വന്‍ പിന്തുണയാണ് ഇന്ത്യാ സഖ്യത്തിലെ പാര്‍ട്ടികളില്‍ നിന്നും ഉണ്ടായത്. ഇതോടെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത മുന്നേറ്റമുണ്ടാവുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിച്ചു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യം പ്രതീക്ഷിച്ച വോട്ടുകള്‍ 315 ആയിരുന്നു. ഒന്‍പത് അംഗങ്ങളുടെ പിന്തുണ വേറേയും ലഭിക്കുമെന്നായിരുന്നു പ്രതീക്ഷകള്‍. അങ്ങനെവന്നാല്‍ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ സുദര്‍ശന്‍ റെഡ്ഡിക്ക് 324 വോട്ടുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. സഖ്യത്തില്‍ ചോര്‍ച്ച സംഭവിച്ചതോടെ ലഭിച്ച വോട്ടുകള്‍ 300 മാത്രമായിരുന്നു. എന്‍ഡിഎ സഖ്യം സ്ഥാനാര്‍ത്ഥി സി പി രാധാകൃഷ്ണന് 452 വോട്ടുകളാണ് ലഭിച്ചത്.
വോട്ടുകള്‍ ചോര്‍ന്നതോടെ ഇന്ത്യാ മുന്നണി വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി അധികാരത്തില്‍ വരുമെന്നുള്ള പ്രതീക്ഷകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഈ വോട്ടുചോര്‍ച്ചയെ വളരെ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് നിരീക്ഷിക്കുന്നത്. വോട്ട് ചോരി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുമെന്നും ഇന്ത്യാ സഖ്യത്തിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍ വരുമെന്നുമുള്ള പ്രതീക്ഷകള്‍ക്കിടയിലാണ് ഈ തിരിച്ചടിയെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും തമ്മില്‍ യാതൊരു തരത്തിലുമുള്ള ബന്ധവുമില്ലെന്നും, ഇന്ത്യാസഖ്യം ശക്തമായി മുന്നോട്ടു പോകുമെന്നുമാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
ശിവസേന, ആംആദ്മി പാര്‍ട്ടികളുടെ വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായോ എന്നാണ് കോണ്‍ഗ്രസ് പരിശോധിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നുവെന്ന എതിര്‍ ആരോപണമാണ് ഘടക കക്ഷികള്‍ ഉന്നയിക്കുന്നത്. 315 പ്രതിപക്ഷ എം പിമാര്‍ വോട്ടു രേഖപ്പെടുത്തിയെന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ലഭിച്ചത് 300 വോട്ടും. സി പി രാധാകൃഷ്ണന് പ്രാദേശികാടിസ്ഥാനത്തില്‍ വോട്ടുലഭിച്ചോ എന്നും പരിശോധിക്കുന്നുണ്ട്.
വരും ദിനസങ്ങളില്‍ ഇന്ത്യാ സഖ്യം യോഗം ചേര്‍ന്ന് വോട്ടു ചോര്‍ച്ചയില്‍ വിശദമായ ചര്‍ച്ച നടത്തുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന തരത്തിലുള്ള ചര്‍ച്ചകളിലേക്ക് പോവുന്നതില്‍ കോണ്‍ഗ്രസിന് താത്പര്യമില്ല. പരസ്പരം പഴിചാരി സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന നിലപാടിന് കോണ്‍ഗ്രസ് നേതാക്കള്‍ക്കും താത്പര്യമില്ല. സഖ്യം ശക്തിപ്പെടുത്താനായി നീക്കങ്ങള്‍ ഒരു ഭാഗത്ത് നടക്കുമ്പോഴും മറുഭാഗത്ത് ഇന്ത്യാ മുന്നണിക്ക് തിരിച്ചടികള്‍ തുടരുന്നതില്‍ കോണ്‍ഗ്രസിനും മറ്റു പാര്‍ട്ടികള്‍ക്കും ആശങ്കയുണ്ട്.
Story Highlights : Cross-Voting Clouds Rain On INDIA Bloc After CP Radhakrishnan Elected VP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here