Advertisement

ഡല്‍ഹി അക്രമങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം: പിണറായി വിജയന്‍

February 26, 2020
Google News 1 minute Read

ഡല്‍ഹിയില്‍ ജനജീവിതം സാധാരണ നിലയിലാക്കാനും അക്രമങ്ങള്‍ തടയാനും കേന്ദ്ര സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ ജീവിക്കുന്ന സാധാരണ ജനങ്ങള്‍ ഭീതിയിലാണ്. ജീവനും സ്വത്തിനും സുരക്ഷ നഷ്ടപ്പെടുന്നു എന്ന ആശങ്ക അനേകം മലയാളികള്‍ അറിയിച്ചിട്ടുണ്ട്. രാജ്യ തലസ്ഥാനത്ത് നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയുടെ തീവ്രതയാണ് അത് തെളിയിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഊഹാപോഹങ്ങളുടെയും വെറുപ്പിന്റെയും പ്രചാരണം നടക്കുന്നു. മാധ്യമ പ്രവര്‍ത്തകര്‍ പോലും ആക്രമിക്കപ്പെടുന്നു. മരണസംഖ്യ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. വിദ്വേഷപ്രസംഗം നടത്തി കലാപത്തിന് തീകൊളുത്തിയ ബിജെപി നേതാവ് ഇപ്പോഴും സ്വതന്ത്രനാണ് എന്നത് ആശങ്ക സൃഷ്ടിക്കുന്ന വസ്തുതയാണ്. മതഭ്രാന്തുമായി സ്വകാര്യ സേനകളും കലാപത്തില്‍ പങ്കാളിത്തം വഹിക്കുന്നു എന്ന വിവരം നിയമവാഴ്ചയുടെ ഗുരുതരമായ തകര്‍ച്ചയെ സൂചിപ്പിക്കുന്നു.

കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മടിച്ചുനില്‍ക്കരുത്. അക്രമങ്ങള്‍ പടരാതിരിക്കാന്‍ പൊലീസ് സംവിധാനത്തെ ഫലപ്രദമായും സംശയരഹിതമായും നിയോഗിക്കാനും തയാറാകണം. വര്‍ഗീയ ചേരിതിരിവിനും വര്‍ഗീയ സ്വഭാവത്തിലുള്ള മനുഷ്യവേട്ടയ്ക്കും രാജ്യതലസ്ഥാനം വേദിയാകുന്നു എന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണ്. അത്തരം പ്രവണതകള്‍ തുടച്ചുനീക്കാനും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാനുമുള്ള ഉത്തരവാദിത്തം ഭരണനേതൃത്വത്തിനുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം ഇന്ത്യയുടെ മത നിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാനുള്ളതാണ്. അതിനെ തെരുവില്‍ നേരിട്ട് തോല്‍പ്പിച്ചു കളയാം എന്ന സംഘപരിവാര്‍ വ്യാമോഹത്തിന്റെ ഉത്പന്നമാണ് ഡല്‍ഹിയിലെ അക്രമങ്ങള്‍. അത് തിരിച്ചറിഞ്ഞു ജനങ്ങള്‍ക്കിടയില്‍ സമാധാന പ്രവര്‍ത്തനങ്ങള്‍ക്കു മുന്നിട്ടിറങ്ങാന്‍ മതനിരപേക്ഷ ശക്തികള്‍ തയാറാകണം. വര്‍ഗീയ ധ്രുവീകരണ നീക്കങ്ങള്‍ക്കെതിരെ ജാഗ്രതയോടെ ഇടപെടാനും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചു സാഹോദര്യം ഊട്ടിയുറപ്പിക്കാനും ഡല്‍ഹിയിലെ മലയാളി സമൂഹം മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: delhi riot, Citizenship Amendment Act,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here