ഡല്‍ഹി കലാപം ; യുദ്ധകാലാടിസ്ഥാനത്തില്‍ അഭയകേന്ദ്രങ്ങള്‍ തുറക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

കലാപത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും പരുക്കേറ്റവര്‍ക്കും സാന്ത്വന നടപടികളുമായി ഡല്‍ഹി ഹൈക്കോടതി. യുദ്ധകാലാടിസ്ഥാനത്തില്‍ അഭയകേന്ദ്രങ്ങള്‍ തുറക്കണമെന്ന് ജസ്റ്റിസ് എസ് മുരളീധര്‍ ഉത്തരവിട്ടു. പരുക്കേറ്റവര്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കണം. കേന്ദ്രസര്‍ക്കാരിലെയും ഡല്‍ഹി സര്‍ക്കാരിലെയും ഉന്നതര്‍ താഴേത്തട്ടിലിറങ്ങി പ്രവര്‍ത്തിക്കണം. നടപടികള്‍ ഏകോപിപ്പിക്കുന്നതിന് അഡ്വ. സുബേദ ബീഗത്തിനെ നോഡല്‍ ഓഫീസറായി നിയോഗിച്ചു.
കലാപത്തില്‍ പരുക്കേറ്റവരുടെ ചികിത്സാ സംബന്ധിച്ച പൊതുതാത്പര്യഹര്‍ജി പരിഗണിക്കുകയായിരുന്നു ഡല്‍ഹി ഹൈക്കോടതി. പരുക്കേറ്റ പൊലീസുകാര്‍ക്ക് അടക്കം മതിയായ ചികില്‍സ ലഭ്യമാക്കണം. ആവശ്യത്തിന് ആംബുലന്‍സുകള്‍, അഗ്‌നിശമന സേനാ യൂണിറ്റുകള്‍ എന്നിവ കലാപബാധിത മേഖലകളില്‍ ഉറപ്പാക്കണം. മൃതദേഹങ്ങള്‍ കൊണ്ടുപോകുമ്പോള്‍ സുഗമമായ പാതയൊരുക്കണം. ഡല്‍ഹി പൊലീസ്, മരിച്ചവരുടെ കുടുംബവുമായി ചര്‍ച്ച നടത്തിയ ശേഷം സംസ്‌കാരം അടക്കം നടപടികളില്‍ സത്വര നടപടിയെടുക്കണം. കൂടുതല്‍ ഹെല്‍പ് ലൈനുകള്‍ തുറക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
മാനസിക സമ്മര്‍ദം നേരിടുന്നവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കണം. അഭയകേന്ദ്രങ്ങളില്‍ വെള്ളം, ഭക്ഷണം, മരുന്ന്, പുതപ്പ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം. ജനത്തിന്റെ വിശ്വാസമാര്‍ജിക്കണമെന്നും അവരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും ജസ്റ്റിസ് എസ്. മുരളീധര്‍ നിര്‍ദേശം നല്‍കി.
Story Highlights- Delhi High Court, shelters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here