സംസ്ഥാനത്ത് നാല് ജില്ലകളിൽ ചൂട് കൂടും

സംസ്ഥാനത്ത് നാല് ജില്ലകളിൽ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, ജില്ലകളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിച്ചേക്കും. ഈ ജില്ലകളിൽ സൂര്യതാപത്തിനും സൂര്യാഘാതത്തിനും സാധ്യതയുണ്ട്. ചൂട് കൂടുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾ മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

നിർജ്ജലീകരണം ഒഴിവാക്കുന്നതിനായി ധാരാളമായി വെള്ളം കുടിക്കുകയും ഒരു ചെറിയ കുപ്പിയിൽ വെള്ളം കയ്യിൽ കരുതുകയും വേണം. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിക്കുന്നു.

വടക്ക് കിഴക്കൻ ചൂട് കാറ്റിൻ്റെ സ്വാധീനത്താൽ കേരളത്തിന് ലഭിക്കുന്ന തണുത്ത കടൽ കാറ്റിൻ്റെ സ്വാധീനം കുറയുന്നത് കൊണ്ടാണ് സംസ്ഥാനത്ത് അധിക ചൂട് അനുഭവപ്പെടുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ താപനില മാപിനികളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഉയർന്ന ദിനാന്തരീക്ഷ താപനിലകൾ സർവകാല റെക്കോർഡുകൾ ഭേദിക്കുന്നവയാണ്. ഉയർന്ന ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിനെക്കാൾ ഉയരുന്ന സാഹചര്യവും നിലനിൽക്കുന്നു.

മാർച്ച് 20 ഓടെ സംസ്ഥാനത്ത് വേനൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story Highlights: Temperature increase in 4 districts

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top