യൂത്ത് കോൺഗ്രസ് പുനഃസംഘടന; ഓൺലൈൻ വോട്ടെടുപ്പ് ഇന്നും നാളെയും നടക്കും

യൂത്ത് കോൺഗ്രസ് പുനഃസംഘടനയ്ക്കായുള്ള ഓൺലൈൻ വോട്ടെടുപ്പ് ഇന്നും നാളെയുമായി നടക്കും. സംസ്ഥാന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിൽ സമവായമായിട്ടുണ്ട്. തർക്കം തുടരുന്ന മറ്റ് സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.
ചർച്ചകളും സമവായ നീക്കങ്ങളും പലകുറി നടന്നു. ഗ്രൂപ്പ് വീതംവയ്പിനും ഒത്തുതീർപ്പ് ശ്രമത്തിനും കുറവുണ്ടായില്ല. പക്ഷേ പുനഃസംഘടനയിൽ സമ്പൂർണ ധാരണയ്ക്കുള്ള നീക്കങ്ങൾ പാളി. സമവായത്തിന് ദേശീയ നേതൃത്വം നൽകിയ സമയപരിധി അവസാനിച്ചതോടെയാണ് ഓൺലൈൻ വോട്ടെടുപ്പെന്ന ഒടുവിലത്തെ കടമ്പ. ഷാഫി പറമ്പിൽ എംഎൽഎയെ പ്രസിഡന്റാക്കാനും കെ എസ് ശബരിനാഥൻ എംഎൽഎ അടക്കം ഏഴുപേരെ വൈസ് പ്രസിഡന്റാക്കാനും ധാരണയായിട്ടുണ്ട്.
ജനറൽ സെക്രട്ടറി, സെക്രട്ടറി, നിയോജക മണ്ഡലം പ്രസിഡന്റ് പദവികളിലാണ് തർക്കം തുടരുന്നത്. 22 ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ 40 സെക്രട്ടറി സ്ഥാനങ്ങൾ എന്നിവയിലേക്കായി 117 പേർ മത്സര രംഗത്തുണ്ട്. ജില്ലാ പ്രസിഡന്റ് സ്ഥാനം എട്ടെണ്ണം എ ഗ്രൂപ്പിനും ആറെണ്ണം ഐ ഗ്രൂപ്പിനുമായി വീതംവച്ചിരുന്നു. ഇതിൽ ഐ ഗ്രൂപ്പിന് ലഭിച്ച ആലപ്പുഴ, കാസർഗോഡ്, എറണാകുളം ജില്ലകളിൽ തർക്കം തുടരുകയാണ്. ആലപ്പുഴയിലും കാസർഗോഡും രമേശ് ചെന്നിത്തല കെ.സി വേണുഗോപാൽ അനുകൂലികൾ തമ്മിലാണ് മത്സരം. നിയോജക മണ്ഡലങ്ങൾ 80 എണ്ണം എ ഗ്രൂപ്പ്, 60 എണ്ണം ഐ ഗ്രൂപ്പ് എന്നിങ്ങനെയായിരുന്നു വീതം വയ്പ്. എന്നാൽ അൻപതിലധികം ഇടങ്ങളിൽ ധാരണ പാളി. മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വോട്ടെടുപ്പ് നടക്കുന്നത്.
story highlights- youth congress, online voting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here