ഡല്‍ഹി കലാപം: ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളില്‍ ഉടന്‍ കേസ് എടുക്കില്ല

ബിജെപി നേതാക്കളുടെ ഡല്‍ഹിയിലെ വിദ്വേഷ പ്രസംഗങ്ങളില്‍ ഉടന്‍ കേസ് എടുക്കില്ല. കേസ് പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി ഏപ്രില്‍ 13 ലേക്ക് മാറ്റി. കേന്ദ്രസര്‍ക്കാരിന് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഒരു മാസം സമയം അനുവദിച്ചു.
നിലവില്‍ കേസ് എടുക്കാവുന്ന സാഹചര്യമില്ലെന്ന് ഡല്‍ഹി പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ഉടന്‍ കേസ് എടുക്കണമെന്ന് ഹര്‍ജിക്കാര്‍ക്കൊപ്പം ഡല്‍ഹി സര്‍ക്കാരും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന ഹര്‍ജികള്‍ ഇന്നലെ ജസ്റ്റിസ് എസ് മുരളീധര്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചതെങ്കില്‍ ഇന്ന് ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍ അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്. നേതാക്കള്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നതില്‍ ഇപ്പോള്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
കപില്‍ മിശ്രയുടെ അടക്കം പ്രസംഗങ്ങള്‍ പരിശോധിച്ചു വരികയാണ്. എന്നാല്‍ സാഹചര്യം അനുകൂലമല്ല. ഇപ്പോള്‍ കേസെടുത്താല്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാകും. സമാധാനം പുനഃസ്ഥാപിക്കുന്നതിനാണ് പ്രഥമ പരിഗണന. ഉചിതമായ സമയത്ത് തീരുമാനമെടുക്കും. മറുപടി സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണം. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 48 എഫ്‌ഐആറുകള്‍ റജിസ്റ്റര്‍ ചെയ്തുവെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.
കേന്ദ്രസര്‍ക്കാരിനെ കക്ഷിയാക്കണമെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവശ്യത്തെ ഹര്‍ജിക്കാര്‍ എതിര്‍ത്തില്ല. എന്നാല്‍, ഗോലി മാരോ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മുദ്രാവാക്യമായി മാറിയെന്നും എഫ്‌ഐആര്‍ എടുക്കാന്‍ ഇന്നുതന്നെ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജി നല്‍കിയവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍ ഏപ്രില്‍ പതിമൂന്നിലേക്ക് ഹര്‍ജികള്‍ മാറ്റി. അടുത്ത തീയതികളില്‍ പരിഗണിക്കണമെന്ന ആവശ്യവും തള്ളി.
Story Highlights: delhi riot, Citizenship Amendment Act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here