ഗ്ലെൻ മാക്സ്വെൽ വിവാഹിതനാകുന്നു; വധു ഇന്ത്യൻ വംശജ

ഓസ്ട്രേലിയൻ ഓൾ റൗണ്ടറും ലോകത്തിലെ തകർപ്പൻ ബാറ്റ്സ്മാൻമാരിൽ ഒരാളുമായ ഗ്ലെൻ മാക്സ്വെൽ വിവാഹതിനാകുന്നു. ഇന്ത്യൻ വംശജയായ വിനി രാമനാണ് വധു. ഓസ്ട്രേലിയയിൽ ജനിച്ചു വളർന്ന വിനിയുടെ കുടുംബം വർഷങ്ങളായി തമിഴ്‌നാട്ടിലാണ്. ഓസ്ട്രേലിയയിൽ ഫാർമസിസ്റ്റാണ് രജനികാന്ത് ആരാധിക കൂടിയായ വിനി.
വിനിയെ തന്റെ ജീവിത പങ്കാളിയാക്കുന്ന വിവരം മാക്സ്വെൽ തന്നെയാണ് പുറത്തു വിട്ടത്. പ്രതിശ്രുത വധുവുമൊത്തുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചായിരുന്നു ക്രിക്കറ്റ് താരം വിവാഹ വാർത്ത ലോകത്തെ അറിയിച്ചത്. വിനിയും ഇതേ ചിത്രങ്ങൾ തന്റെ ഇൻസ്റ്റയിൽ പങ്കുവച്ചിട്ടുണ്ട്. മാക്സ്വെൽ അണിയിച്ച വിവാഹമോതിരം ഫോട്ടോയിൽ വിനി പ്രത്യേകം എടുത്തു കാണിക്കുന്നുണ്ട്. ഒരാഴ്ച്ച മുമ്പാണ് മാക്സി തന്നോട് വിവാഹാഭ്യാർത്ഥന നടത്തിയതെന്നും താനതിനോട് സമ്മതം മൂളിയെന്നും വിനി ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്.
ബിഗ് ബാഷ് ലീഗിലെ തന്റെ ടീമായ മെൽബൺ സ്റ്റാർസിന്റെ വകയായ ഒരു പരിപാടിക്കിടയിലാണ് മാക്സ്വെൽ വിനിയെ കണ്ടു മുട്ടുന്നതും പരിചയത്തിലാകുന്നതും. ആ പരിചയമാണ് പിന്നീട് പ്രണയത്തിലേക്ക് വഴി മാറിയത്.
അതേസമയം, മാക്സ്വെല്ലിന്റെ ഇൻസ്റ്റഗ്രാം ഫോട്ടോയ്ക്ക് രസകരമായ കമന്റുമായി അദ്ദേഹത്തിന്റെ ഐപിഎൽ ടീമായ പഞ്ചാബ് കിംഗ്സ് ഇലവൻ എത്തിയിട്ടുണ്ട്. ഒരാഴ്ച്ച മുമ്പ് കഴിഞ്ഞിട്ട് ഞങ്ങൾ ഇപ്പോഴാണല്ലോ അറിയുന്നതെന്നായിരുന്നു കിംഗ്സ് ഇലവന്റെ കമന്റ്. മറ്റൊരു ഓസ്ട്രേലിയൻ താരമായ ഷോൺ ടെയ്റ്റും വിവാഹം കഴിച്ചിരിക്കുന്നത് ഇന്ത്യൻ വംശജയെയാണ്. ഇന്ത്യയിൽ ഏറെ ആരാധകരുള്ള താരം കൂടിയാണ് ഗ്ലെൻ മാക്സ്വെൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here