വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് രണ്ട് സ്ത്രീകളും കെഎസ്ഇബി ജീവനക്കാരനും മരിച്ചു

സംസ്ഥാനത്ത് വൈദ്യതി ലൈനിൽ നിന്ന് ഷോക്കേറ്റ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. തൃശൂരിൽ മൂർക്കനാട് വയലിൽ ജോലിയിൽ ഏർപ്പെട്ട രണ്ട് പാലക്കാട് സ്വദേശിനികളും കണ്ണൂർ തളിപ്പറമ്പിൽ ഒരു കെഎസ്ഇബി ജീവനക്കാരനുമാണ് മരിച്ചത്.
തൃശൂർ മൂർക്കനാട് ശിവക്ഷേത്രത്തിന് പിറകുവശത്തെ പാടത്ത് പണിയെടുക്കുന്നതിനിടെയാണ് പാലക്കാട് വടക്കുംഞ്ചേരി സ്വദേശികളായ കിട്ടുവിന്റെ ഭാര്യ കുഞ്ചു (65), പളനിയുടെ ഭാര്യ ദേവു (65) എന്നിവർ ഷോക്കേറ്റ് മരിച്ചത്. രാവിലെ ജോലിക്കിറങ്ങിയ ഇരുവരും ഭക്ഷണം കഴിക്കുന്നതിന് എത്തതായതോടെ നടത്തിയ തെരച്ചിലിലാണ് മരിച്ചു കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്.
സമീപത്തെ പറമ്പിലേയ്ക്കുള്ള വൈദ്യുതിലൈൻ പൊട്ടി വീണതിൽ പിടിച്ചാണ് അപകടം. ഒരാളുടെ കൈ വൈദ്യുത കമ്പിയിൽ കെട്ടിപ്പിടിച്ച നിലയിലായിരുന്നു. മൃതദേഹങ്ങൾ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കണ്ണൂർ തളിപ്പറമ്പിൽ കെഎസ്ഇബി ജീവനക്കാരനും ഷോക്കേറ്റ് മരിച്ചു. തലശേരി തളിപ്പറമ്പ് സെക്ഷനിലെ മസ്ദൂർ ആയ മംഗലശശേരി ചാലത്തൂരിലെ പി പി രാജീവൻ (42) ആണ് മരിച്ചത്. ഉച്ചയ്ക്കായിരുന്നു സംഭവം. ലൈനിൽ അറ്റകുറ്റപണി നടത്തുന്നതിനിടെയാണ് രാജീവന് ഷോക്കേറ്റത്. പഴയ കമ്പികൾ മാറ്റി പുതിയത് കെട്ടുന്നതിനിടെ ഷോക്കേറ്റതിനെതുടർന്ന് മരിക്കുകയായിരുന്നു. വൈദ്യുതി വിച്ഛേദിച്ചായിരുന്നു ജോലി എന്നാണ് സഹപ്രവർത്തകർ പറയുന്നത്.
വൈദ്യുതി തൂണിന് താഴെ തെറിച്ച് വീണ രാജീവനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ കുഞ്ഞിരാമന്റെയും ദേവകിയുടെയും മകനാണ്. ദിവ്യയാണ് ഭാര്യ. അഭിനന്ദ്, റിതുൽ എന്നിവരാണ് മക്കൾ.
electric shock deaths
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here