വയനാട് ജില്ലയില്‍ കുരങ്ങുപനിക്ക് ചികിത്സ തേടിയവരുടെ എണ്ണം കൂടി; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

വയനാട് ജില്ലയില്‍ കുരങ്ങുപനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ജില്ലാ ഭരണകൂടം. വനത്തോട് ചേര്‍ന്നുള്ള കോളനികളിലും മറ്റും ബോധവത്കരണം കാര്യക്ഷമമാക്കിയിട്ടുണ്ട്.

ജില്ലയില്‍ രണ്ടു മാസത്തിനിടെ കുരങ്ങു പനി ബാധിച്ചവരുടെ എണ്ണം ഒന്‍പതായി ഉയര്‍ന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഏഴ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ രണ്ടു പേര്‍ മരിച്ചു. വന സമീപ ഗ്രാമങ്ങളിലും പട്ടിക വര്‍ഗ സങ്കേതങ്ങളിലും താമസിക്കുന്നവര്‍ക്കുണ്ടാകുന്ന പനി കരുതലോടെ കാണണമെന്നും പനിയോ മറ്റ് അസുഖങ്ങളോ ഉണ്ടായാല്‍ വിവരങ്ങള്‍ അടിയന്തരമായി ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആരോഗ്യ കേന്ദ്രങ്ങള്‍ അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സ നല്‍കാന്‍ സജ്ജരാണെന്നും ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള പറഞ്ഞു. വനത്തിനുള്ളില്‍ പോകുന്നവരാണ് പ്രധാനമായും മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത്. മുന്‍കരുതലിന്റെ ഭാഗമായി ജില്ലയുടെ അതിര്‍ത്തി പങ്കിടുന്ന ഇതര സംസ്ഥാനങ്ങളിലെ ജില്ലാ കളക്ടര്‍മാരുടേയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കാന്‍ തീരുമാനമായിട്ടുണ്ട്.

Story Highlights: wayanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top