ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലപാതകം; പൊലീസുകാർക്കെതിരായ ഹർജി സുപ്രിംകോടതി തള്ളി

ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലപാതകത്തിൽ പൊലീസുകാർക്കെതിരായ ഹർജി സുപ്രിംകോടതി തള്ളി. പ്രതികളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ പൊലീസുകാർക്കെതിരെ കേസെടുക്കണമെന്ന ഹർജിയാണ് സുപ്രിം കോടതി തള്ളിയത്. ഹർജി നൽകിയത് പ്രതികളുടെ ബന്ധുക്കളായിരുന്നു.

27 വയസുള്ള യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ വെടിവച്ചുകൊന്ന പൊലീസുകാർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബന്ധുക്കൾ ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസുമാരായ ബിആർ ഗവായ്, സൂര്യ കാന്ത് എന്നിവരാണ് ഹർജി തള്ളിയത്.

നവംബർ 27നാണ് യുവ വനിത മൃഗ ഡോക്ടറെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം തീകൊളുത്തി കൊലപ്പെടുത്തിയത്. നവംബർ 28ന് ഷംഷാദ്ബാഗിലെ പാലത്തിന് സമീപത്ത് നിന്ന് മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന്, ഡിസംബർ ആറാം തീയതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രതികൾ കൊല്ലപ്പെടുകയായിരുന്നു. ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകരായ ജി എസ് മണി, പ്രദീപ് കുമാർ യാദവ് എന്നിവരാണ് സുപ്രിംകോടതിയെ സമീപിച്ചത്. കേസ് എടുത്ത് പ്രത്യേക സംഘം അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

ബലാത്സംഗ കൊലപാതകക്കേസിലെ പ്രതികളുടെ ബന്ധുക്കൾ ഉന്നയിച്ച ആവശ്യങ്ങൾ സുപ്രിംകോടതി പരിഗണിച്ചില്ല. പ്രതികളെ വെടിവച്ചുകൊന്ന സംഭവത്തിൽ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്‌ഥരെ പ്രതിചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യണം, നാല് പ്രതികളുടെയും കുടുംബത്തിന് അൻപത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം തുടങ്ങിയവയായിരുന്നു ആവശ്യങ്ങൾ. ഹർജി പരിശോധിച്ച ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്‍റെ നിരീക്ഷണങ്ങൾ ഇങ്ങനെ: റിട്ടയേർഡ് സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതി ഏറ്റുമുട്ടൽ കൊലപാതകങ്ങൾ അന്വേഷിക്കുന്നുണ്ട്. റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണം. റിപ്പോർട്ട് വന്ന ശേഷം നഷ്ടപരിഹാരത്തിനായി ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്. ബന്ധുക്കളുടെ പക്കൽ തെളിവുകൾ ഉണ്ടെങ്കിൽ സമിതിക്ക് കൈമാറുന്നതിൽ തടസമില്ലെന്നും കോടതി വ്യക്‌തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top