വില്ല്യംസണെ ഒഴിവാക്കി വാർണറെ ക്യാപ്റ്റനാക്കി; സൺറൈസേഴ്സിനെതിരെ ആരാധക രോഷം

കെയിൻ വില്ല്യംസണു പകരം ഡേവിഡ് വാർണറെ ക്യാപ്റ്റനാക്കിയ സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ നടപടിക്കെതിരെ ആരാധക രോഷം. വാർണറെക്കാൾ മികച്ച ക്യാപ്റ്റൻ വില്ല്യംസണാണെന്നും പ്ലേയിംഗ് ഇലവനിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാനുള്ള നീക്കമാണ് ഇതെന്നും ആരാധകർ പറയുന്നു. പന്ത് ചുരണ്ടൽ വിവാദത്തിൽ പെട്ട വാർണറെ ക്യാപ്റ്റനാക്കുക വഴി ടീം മാനേജ്മെൻ്റ് എന്ത് സന്ദേശമാണ് നൽകുന്നതെന്നും ആരാധകർ ചോദിക്കുന്നു.

കഴിഞ്ഞ ദിവസമാണ് സൺറൈസേഴ്സ് ഹൈദരാബാദ് വില്ല്യംസണു പകരം വാർണറെ നായകനാക്കി നിയമിച്ചത്. 2016ൽ വാർണറുടെ നേതൃത്വത്തിലാണ് സൺറൈസേഴ്സ് ജേതാക്കളായത്. 2017ൽ പന്ത് ചുരണ്ടൽ വിവാദത്തെത്തുടർന്ന് പുറത്തായ വാർണർ 2018ൽ വീണ്ടും ടീമിൽ ഉൾപ്പെട്ടു. എങ്കിലും ടീമിനെ നയിച്ചത് വില്ല്യംസൺ ആയിരുന്നു. കഴിഞ്ഞ സീസണിലും വില്ല്യംസൺ തുടർന്നു. വില്ല്യംസണിൻ്റെ അഭാവത്തിൽ ഭുവനേശ്വർ കുമാറും ടീമിനെ നയിച്ചു. തുടർന്ന് ഈ സീസണിൽ വാർണർക്ക് ക്യാപ്റ്റൻസി നൽകുകയായിരുന്നു.

ഡേവിഡ് വാർണർ, ജോണി ബെയർസ്റ്റോ, റാഷിദ് ഖാൻ എന്നീ മൂന്ന് വിദേശ താരങ്ങൾ ഉറപ്പായും ടീമിൽ ഉണ്ടാവും. നാലാം വിദേശ താരമായി മാത്രമേ വില്ല്യംസണെ ടീമിൽ പരിഗണിക്കൂ. എന്നാൽ, ബില്ലി സ്റ്റാൻലേക്ക്, മുഹമ്മദ് നബി, ഫാബിയൻ അലൻ, മിച്ചൽ മാർഷ് എന്നീ ബൗളർമാരും ഓൾറൗണ്ടർമാരും ടീമിൽ ഉള്ളതുകൊണ്ട് തന്നെ ഇവരിൽ ആരെങ്കിലും ടീമിൽ ഉൾപ്പെടാനാണ് സാധ്യത കൂടുതൽ. ഭുവനേശ്വർ, സന്ദീപ് ശർമ്മ എന്നീ മുൻനിര പേസ് ബൗളർമാർക്കൊപ്പം മൂന്നാം പേസറായി സ്റ്റാൻലേക്കോ, മിച്ചൽ മാർഷോ ടീമിൽ ഉൾപ്പെട്ടേക്കാം. ഇതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്.

2014ൽ സൺ റൈസേഴ്സിലെത്തിയ വാർണർ 2015ലാണ് ക്യാപ്റ്റനായത്. 2015, 17, 19 വർഷങ്ങളിൽ വാർണറായിരുന്നു ടൂർണമെൻ്റിലെ ടോപ്പ് സ്കോറർ. ഐപിഎല്ലിലെ തന്നെ ഏറ്റവുമധികം റൺസ് നേടിയവരുടെ പട്ടികയിൽ നാലാമത് വാർണർ ഉണ്ട്. ഏപ്രിൽ ഒന്നിന് മുംബൈ ഇന്ത്യൻസിനെതിരെയാണ് സീസണിലെ സൺ റൈസേഴ്സിൻ്റെ ആദ്യ മത്സരം.

മാർച്ച് 29നാണ് ഐപിഎൽ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മെയ് 24ന് ഫൈനൽ മത്സരം നടക്കും.

Story Highlights: Fans criticizes Sunrisers Hyderabad for appointing david warner as captain

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top