അനധികൃത പരസ്യബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി

സംസ്ഥാനത്തെ ദേശീയപാതകളുള്‍പ്പെടെയുള്ള റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള അനധികൃത ഹോര്‍ഡിംഗ്സുകളും പരസ്യബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണു നടപടി. ഇതിനായി എക്സിക്യുട്ടീവ് എന്‍ജിനിയര്‍മാര്‍ക്ക് പൊതുമരാമത്ത് ചീഫ് എന്‍ജിനിയര്‍ നിര്‍ദേശം നല്‍കി. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇവ നീക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.
ദേശീയപാതകളുള്‍പ്പെടെ എല്ലാ റോഡുകളിലും സ്ഥാപിച്ചിട്ടുള്ള അനധികൃത പരസ്യ ബോര്‍ഡുകളും ബാനറുകളും ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നീക്കുന്നത്. ആര്‍ച്ചുകള്‍, ഹോര്‍ഡിംഗ്സുകള്‍ തുടങ്ങിയവയെല്ലാം നീക്കം ചെയ്യും. ഇത്തരം ബോര്‍ഡുകള്‍ അപകടത്തിനിടയാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി റോഡ് സുരക്ഷാ അതോറിറ്റി പൊതുമരാമത്ത് വകുപ്പിനും ഡിജിപിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും കത്തു നല്‍കിയിരുന്നു.
ഇത്തരം പരസ്യബോര്‍ഡുകള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്നുവെന്നും റോഡ് സിഗ്നലുകള്‍ അവഗണിക്കാന്‍ ഇടയാക്കുന്നുവെന്നും കത്തില്‍ പറയുന്നു. ഇതോടൊപ്പം മഴയിലും കാറ്റിലും ആര്‍ച്ചുകളും ബോര്‍ഡുകളും മറിഞ്ഞു വീണ് അപകമുണ്ടാകുന്നു. അതിനാല്‍ റോഡ് സുരക്ഷാ അതോറിറ്റി നിയമത്തിലെ അധികാരങ്ങളുപയോഗിച്ച് പൊതുനിരത്തുകളിലെ അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നാണ് അതോറിറ്റിയുടെ നിര്‍ദേശം. തുടര്‍ന്നാണ് രണ്ടാഴ്ചയ്ക്കകം അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ചീഫ് എന്‍ജിനീയര്‍ 15 റോഡ് ഡിവിഷനുകളിലെ റോഡ് വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
Story Highlights: kerala high court, kerala government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here