ലൈഫ് മിഷൻ പദ്ധതി; ആദ്യ വീടിന്റെ താക്കോൽ മുഖ്യമന്ത്രി കൈമാറി
ലൈഫ് മിഷൻ പദ്ധതി പ്രകാരം പൂർത്തിയാക്കിയ രണ്ട് ലക്ഷം വീടുകളിലൊന്നിന്റെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി കൈമാറി. തിരുവനന്തപുരം ഏണിക്കര സ്വദേശി ചന്ദ്രനും കുടുംബത്തിനുമാണ് വീട് കൈമാറിയത്. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം വൈകീട്ട് പുത്തരിക്കണ്ടം മൈതാനത്ത് നടക്കും. ചന്ദ്രനും കുടുംബത്തിനും ഇത് സ്വപ്ന സാഫല്യമാണ്. ജന്മനാ കാലിന് വൈകല്യമുള്ള ചന്ദ്രൻ ലോട്ടറി വിൽപന നടത്തിയായിരുന്നു നിത്യ ചെലവുകൾ കണ്ടെത്തിയിരുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ ലഭിച്ച ആറ് ലക്ഷം രൂപയും സ്വന്തം സമ്പാദ്യമായിരുന്ന ഒന്നരലക്ഷം രൂപയും ഉപയോഗിച്ചാണ് വീട് പൂർത്തിയാക്കിയത്.
Read Also: ലൈഫ് മിഷന്‍ പദ്ധതിയില്‍ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, എ സി മൊയ്തീൻ എന്നിവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി വീടിന്റെ താക്കോൽ ചന്ദ്രന് കൈമാറി. കുടുംബത്തിന്റെ സന്തോഷത്തിൽ പങ്ക് ചേരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടമാണ് പൂർത്തിയായത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം 2,14,000 വീടുകള്‍ പൂര്‍ത്തിയാക്കി. മാനദണ്ഡപ്രകാരം ലിസ്റ്റിൽ വരാത്തവരും വീടില്ലാത്തവരുമായ കുടുംബങ്ങളെ അടുത്ത ഘട്ടത്തിൽ പരിഗണിക്കും. മൂന്നാം ഘട്ടത്തിൽ ഭൂരഹിത-ഭവനരഹിതരുടെ പുനരധിവാസമാണ് സർക്കാർ ലക്ഷ്യം.
നേരത്തെ യുഡിഎഫ് പദ്ധതിയുടെ തുടർച്ചയാണ് ലൈഫ് മിഷൻ എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പിണറായി വിജയൻ മറുപടി നൽകിയിരുന്നു. ‘പൂർത്തിയാക്കാൻ കഴിയാത്ത വീടുകൾ പൂർത്തീകരിച്ചതിന്റെ ക്രെഡിറ്റ് പ്രതിപക്ഷനേതാവിന് വേണമെങ്കിൽ എടുത്തോട്ടെ, ഞങ്ങൾക്ക് വേണ്ട. അവരുടെ വീടുകൾ പൂർത്തിയാക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ഞങ്ങൾക്ക് പ്രധാനം. അക്കാര്യത്തിൽ ഒരു മിഥ്യാഭിമാനവും ഞങ്ങൾക്കില്ല’ എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
life mission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here