Advertisement

ലൈഫ് മിഷൻ; സർക്കാരിന്റെ രാഷ്ട്രീയ നാടകമെന്ന് ചെന്നിത്തല; ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് സുരേന്ദ്രൻ

February 29, 2020
Google News 1 minute Read

ലൈഫ് മിഷൻ പദ്ധതി പിണറായി സർക്കാരിന്റെ രാഷ്ട്രീയ നാടകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമാണം ആരംഭിച്ച വീടുകളും, കേന്ദ്ര സഹായം ഉപയോഗിക്കപ്പെട്ട വീടുകളും ചേർത്താണ് രണ്ട് ലക്ഷമെന്ന കണക്ക് തികച്ചതെന്നാണ് ആരോപണം. ലൈഫ് മിഷന്റെ പേരിൽ സംസ്ഥാന സർക്കാർ നടത്തുന്ന ആഘോഷങ്ങൾ ജനങ്ങളെ കബളിപ്പിക്കാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു

Read Also: വീട് കിട്ടിയവരിൽ എൽഡിഎഫുകാർ മാത്രമല്ല, യുഡിഎഫുകാരുമുണ്ട്: പ്രതിപക്ഷത്തിന് മറുപടിയുമായി തോമസ് ഐസക്

ലക്ഷംവീട് കോളനി പദ്ധതിയുടെ അടുത്ത് പോലും എത്താത്ത ലൈഫ് മിഷൻ പദ്ധതിയുടെ പേരിൽ സർക്കാരിന് മേനി നടിക്കാൻ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. യുഡിഎഫ് സർക്കാർ നിർമിച്ച 52,000 വീടുകളും, കേന്ദ്ര പദ്ധതിയായ ഇന്ദിര ആവാസ് യോജനയുടെ 50,000 വീടുകളും ഉൾപ്പെടുത്തിയാണ് രണ്ട് ലക്ഷം എന്ന കണക്ക് തികച്ചതെന്ന് രമേശ് ചെന്നിത്തല. പിണറായി സർക്കാർ കഷ്ടിച്ച് 75,000 വീടുകൾ മാത്രമാണ് വച്ചു നൽകിയത്.

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽ നിന്ന് 20 ശതമാനം തുക മിഷൻ ലൈഫ് പദ്ധതിക്കായി വിനിയോഗിച്ചു. പദ്ധതിയിൽ സർക്കാരിന്റെ ഏക മുതൽമുടക്കായ ഒരു ലക്ഷം രൂപ പല പഞ്ചായത്തുകൾക്കും ലഭിച്ചിട്ടില്ല. പട്ടിക ജാതി- പട്ടിക വർഗ വിഭാഗക്കാർക്ക് ഒരു വീടുപോലും പിണറായി സർക്കാർ നിർമിച്ചു നൽകിയില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ലൈഫ് മിഷൻ പദ്ധതിയിൽ കേരള സർക്കാരിന് നയാപൈസ ചെലവില്ലെന്നും, കേന്ദ്ര പദ്ധതികൾ സ്വന്തം നേട്ടമാക്കി കേരള സർക്കാർ അവതരിപ്പിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. ഭവന നിർമാണത്തിനായി വിവിധ കേന്ദ്ര പദ്ധതികളിലൂടെ സംസ്ഥാനത്തിന് നൽകിയ തുക കേരളം മറച്ച് വയ്ക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.

 

life mission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here