ട്രംപിന്റെ ഗുജറാത്ത് സന്ദർശന ചെലവ് 12. 5 കോടി രൂപ മാത്രമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഗുജറാത്ത് സന്ദർശനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ബാക്കി നിൽക്കെ വെളിപ്പെടുത്തലുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി. ട്രംപ് അഹമ്മാദാബാദിൽ ചെലവഴിച്ച മൂന്നു മണിക്കൂർ സമയത്തെ ചെലവ് ഒരു മിനിട്ടിന് 55 ലക്ഷം രൂപ എന്ന രീതിയിലാണ് കണക്കാക്കപ്പെട്ടിരുന്നത്.
എന്നാൽ, ഈ കണക്ക് അടിസ്ഥാനരഹിതമാണ്. സംസ്ഥാന സർക്കാർ എട്ടു കോടി രൂപയും അഹമ്മദാബാദ് കോർപറേഷൻ നാലര കോടിയും മാത്രമേ മുടക്കിയിട്ടുള്ളൂ എന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. അധിക ചെലവ് എന്ന് വരുത്തി തീർക്കുന്ന തരത്തിലുള്ള കണക്കുകൾ പ്രതിപക്ഷത്തിന്റെ കെട്ടുകഥകൾ മാത്രമാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ആഴ്ച ട്രംപിന്റെ അഹമ്മദാബാദ് സന്ദർശനത്തോടനുബന്ധിച്ച് ചേരികളുടെ മുഖം മിനുക്കുന്നതിനും മറ്റുമായി നൂറു കോടിയോളം രൂപ സർക്കാർ ഖജനാവിൽ നിന്നു മുടക്കിയതായി ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ വെളിപ്പെടുത്തലുമായി രുപാണി രംഗത്തെത്തിയത്.
സർക്കാരും കോർപറേഷനും മുടക്കിയ പന്ത്രണ്ടരക്കോടിയിൽ അധികം രൂപ അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി നേരത്തേ തന്നെ അനുവദിക്കപ്പെട്ടതാണെന്നും ട്രംപിന്റെ സന്ദർശനവുമായി ഇതിന് ഒരു ബന്ധവും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ പേരിൽ സർക്കാർ കോടികൾ ധൂർത്തടിച്ചുവെന്നു കോൺഗ്രസ് അംഗങ്ങൾ നിയമസഭയിൽ ഉന്നയിച്ചതിനു പിന്നാലെയാണ് രുപാണിയുടെ വെളിപ്പെടുത്തൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here