സ്ത്രീകളുടെ ശൗചാലയം ഉപയോഗിച്ചു; ട്രാൻസ്ജൻഡർ യുവതിയെ വെടിവച്ച് കൊന്നു

സ്ത്രീകളുടെ ശൗചാലയം ഉപയോഗിച്ച ട്രാൻസ്ജൻഡർ യുവതിയെ വെടിവച്ച് കൊന്നു. പ്യൂർട്ടോ റിക്കോയിലെ തോഅ ബാജയിൽ ഫെബ്രുവരി 24നാണ് സംഭവം. ന്യൂലിസ ലുസിയാനോ റൂയിസ് എന്ന അലക്സയാണ് കൊല്ലപ്പെട്ടത്. ശൗചാലയം ഉപയോഗിച്ചു എന്ന പരാതിയിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയതിനു മണിക്കൂറുകൾക്ക് ശേഷമാണ് അലക്സ കൊല്ലപ്പെട്ടത്.

നഗരത്തിലുള്ള മക്ക്ഡോണാൾഡ്സ് റെസ്റ്റോറൻ്റിലെ സ്ത്രീകളുടെ ശൗചാലയത്തിൽ അലക്സ കയറി എന്ന് പൊലീസിനെ ആരോ അറിയിച്ചിരുന്നു. പൊലീസ് എത്തി അലക്സയെയും പരാതിക്കാരിയെയും ചോദ്യം ചെയ്തെങ്കിലും ഒന്നും കണ്ടെത്താനായില്ല. അലക്സക്ക് വീടില്ലെന്നറിഞ്ഞ പരാതിക്കാരി പരാതി പിൻവലിക്കുകയും ചെയ്തു. അന്വേഷണം അവസാനിപ്പിച്ച് പൊലീസ് മടങ്ങിയതിനു പിന്നാലെയാണ് അലക്സ കൊല്ലപ്പെട്ടത്. അലക്സയെ വെടിവെച്ച് കൊല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അലക്സയുടെ ലിംഗം തെറ്റായി മനസ്സിലാക്കിയ ചിലർ അവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് വീഡിയോയിൽ കേൾക്കാൻ സാധിച്ചിരുന്നു. ഭീഷണികൾക്ക് ശേഷം 10 തവണ വെടിവെക്കുന്ന ശബ്ദവും വീഡിയോയിലൂടെ കേൾക്കാൻ സാധിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

പൊലീസ് അന്വേഷണത്തിൽ നാല് കൗമാരക്കാരികൾ അലക്സയുടെ മരണത്തിന് ഉത്തരവാദികളാണെന്ന സൂചന ലഭിച്ചിട്ടുണ്ട്. വനിതാ ശൗചാലയം ഉപയോഗിച്ചതു കൊണ്ടല്ല അലക്സ കൊല്ലപ്പെട്ടതെന്നും നടന്നത് വിദ്വേഷക്കൊലയാണെന്നുമാണ് എൽജിബിടി ആക്ടിവിസ്റ്റുകൾ പറയുന്നത്. അലക്സയെ പിന്തുടർന്ന് ചിലർ വെടിവെക്കുകയായിരുന്നു എന്ന് പെഡ്രോ സെറാനോ എന്ന ആക്ടിവിസ്റ്റ് പറയുന്നു.

Story Highlights: Transgender Woman Shot Dead In Puerto Rico After Using Women’s Bathroom

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top