കെല്‍ട്രോണുമായുള്ള ഇടപാടുകളില്‍ ക്രമക്കേടുണ്ടെന്ന ആരോപണം; വ്യവസായവകുപ്പ് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

കെല്‍ട്രോണുമായുള്ള ഇടപാടുകളില്‍ ക്രമക്കേടുണ്ടെന്ന പ്രതിപക്ഷ ആരോപണം വ്യവസായവകുപ്പ് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ഡിജിപിയെ മാറ്റാന്‍ ആരെങ്കിലും മോഹിക്കുന്നുണ്ടെങ്കില്‍ നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബണ്ടി ചോറിനേയും രവി പൂജാരിയേയും സംരക്ഷിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഭ നേരത്തെ പരിഞ്ഞു.

സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം വേണമെന്നായിരുന്നു അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയ പി.ടി. തോമസിന്റെ ആവശ്യം. മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊലീസ് തലപ്പത്ത് നടന്നത് മുന്നൂറു കോടി രൂപയുടെ അഴിമതിയാണ്. ഇതെല്ലാം മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണോയെന്ന് സംശയിക്കുന്നതായും അദേഹം പറഞ്ഞു.

ബുള്ളറ്റ് പ്രൂഫ് കാര്‍വാങ്ങല്‍, സിംസ് പദ്ധതി, വില്ല നിര്‍മാണം എന്നിവയില്‍ ക്രമക്കേടുകളില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് വന്നേ മറ്റു നടപടികളിലേക്ക് കടക്കൂ. പൊലീസിലെ പര്‍ച്ചേഴ്‌സിന് പ്രത്യേക സംവിധാനം മന്ത്രിസഭ പരിശോധിക്കും. ഡിജിപിയെ അധിക്ഷേപിക്കുന്നത് പൊലീസിനെ നിര്‍വീര്യമാക്കാനാണോ എന്നും അദ്ദേഹം ചോദിച്ചു.

സ്വന്തം വകുപ്പില്‍ നടക്കുന്ന അഴിമതി മുഖ്യമന്ത്രി അറിയുന്നില്ലെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം.

അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. ബഹളത്തിനിടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ പിരിയുകയായിരുന്നു.

Story Highlights: Keltron controversy pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top