പെരിയ ഇരട്ട കൊലക്കേസ്: രേഖകൾ സിബിഐക്ക് കൈമാറാതെ സർക്കാർ

പെരിയ ഇരട്ട കൊലപാതകക്കേസിന്റെ രേഖകള്‍ സിബിഐക്ക് കൈമാറാതെ സർക്കാർ. കേസ് ഡയറിയടക്കമുള്ള സുപ്രധാന രേഖകള്‍ ക്രൈംബ്രാഞ്ച് ഇതുവരെ കൈമാറിയില്ലെന്ന് സിബിഐ അറിയിച്ചു. കേസ് രേഖകൾ ലഭിക്കാത്തതിനാലാണ് അന്വേഷണം വഴിമുട്ടിയതെന്ന് എറണാകുളം സിജെഎം കോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിൽ സിബിഐ വ്യക്തമാക്കി.

കാസർഗോഡ് പെരിയയിലെ യൂത്ത് കോൺഗ്രസ് നേതാക്കളായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ട കേസിലാണ് സിബിഐ അന്വേഷണം നിലച്ചത്. കേസ് സിബിഐക്ക് വിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും കേസ് ഡയറിയും അനുബന്ധ രേഖകളും കൈമാറാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് തയ്യാറായിട്ടില്ല.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സിപിഐഎം പ്രാദേശിക നേതാക്കൾ പ്രതികളായ കുറ്റപത്രം റദ്ദാക്കി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. കേസിലെ ഉന്നത സ്വാധീനം അന്വേഷിക്കണമെന്ന് നിർദേശിച്ച കോടതി പൊലീസ് അന്വേഷണത്തിലെ ഗുരുതര വിഴ്ചകൾ അക്കമിട്ട് നിരത്തിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 25-ന് സിബിഐ കേസ് ഏറ്റെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കേസ് രേഖകൾ കൈമാറാൻ CBI പല തവണ ആവശ്യപ്പെട്ടെങ്കിലും ആഭ്യന്തരവകുപ്പ് വഴങ്ങിയില്ല. അന്വേഷണം മരവിച്ചതിനെതിരെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ നൽകിയ ഹർജിയിലെ മറുപടി സത്യവാങ്ങ്മൂലത്തിലാണ് സർക്കാരിന്റെ നിസഹകരണം സിബിഐ വ്യക്തമാക്കിയത്. ഉന്നത സിപിഐഎം നേതൃത്വത്തിന്റെ ഗൂഡാലോചനയിലെ പങ്ക് വെളിപ്പെടാതിരിക്കാനാണ് സർക്കാർ ശ്രമമെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപിച്ചു.

സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലിൽ വാദം പൂർത്തിയായെങ്കിലും വിധി പറഞ്ഞിട്ടില്ല. സിംഗിൾ ഉത്തരവിന് സ്റ്റേ അനുവദിക്കണമെന്ന സർക്കാർ ആവശ്യം കോടതി അനുവദിച്ചിരുന്നില്ല. അതിനാൽ അന്വേഷണത്തിന് തടസമില്ലെന്നിരിക്കെയാണ് സർക്കാരിന്റെ ഒളിച്ചുകളി .

Story Highlights: Periya murder case cbi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top