വനിതാ ക്രിക്കറ്റിൽ അവസരം ലഭിക്കാതിരുന്നതു കൊണ്ട് മുടി മുറിച്ചു; പുരുഷ ക്രിക്കറ്റിൽ ‘പ്ലയർ ഓഫ് ദ സീരീസ്’; ഷഫാലി വർമ്മയുടെ കഥ

വനിതാ ക്രിക്കറ്റിൽ നിലവിലെ ചർച്ച ഷഫാലി വർമ്മയെന്ന 16കാരിയെപ്പറ്റിയാണ്. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്കായി ഗംഭീര തുടക്കം നൽകി വരുന്ന ഷഫാലി ക്രിക്കറ്റ് നിരീക്ഷകരെയൊക്കെ അതിശയിപ്പിച്ചാണ് മുന്നോട്ടു പോകുന്നത്. അസാമാന്യ കരുത്തും ഭയരഹിത ബാറ്റിംഗുമാണ് ഷഫാലിയെ മറ്റ് വനിതാ ക്രിക്കറ്റർമാരിൽ നിന്ന് മാറ്റി നിർത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ കളിച്ച നാലു മത്സരങ്ങളിൽ രണ്ടിലും കളിയിലെ താരമായി എന്നത് തന്നെ ഷഫാലിയുടെ മികവിന് അടിവരയിടുന്നു. ഇതുവരെ ഒരു അർധസെഞ്ചുറി പോലും ഈ ലോകകപ്പിൽ നേടിയിട്ടില്ലെങ്കിലും ഷഫാലിയുടെ ബാറ്റിംഗ് മികവ് ഇന്ത്യയെ മറ്റ് ടീമുകളിൽ നിന്ന് വേർതിരിച്ചു നിർത്തുകയാണ്.
ആൺകുട്ടികളുടേതു പോലെ മുടി മുറിച്ചാണ് ഷഫാലിയെ കാണാറുള്ളത്. മറ്റ് പല വനിതാ ക്രിക്കറ്റർമാരും ബോയ് കട്ട് ഹെയർ സ്റ്റൈലിൽ കളിക്കാൻ ഇറങ്ങുന്നുണ്ടെങ്കിലും ഷഫാലി ഈ ഹെയർ സ്റ്റൈൽ തിരഞ്ഞെടുത്തതിനു പിന്നിൽ ഒരു കഥയുണ്ട്. ഹരിയാനയിലെ റോഹ്തക്കിൽ 2004 ജനുവരി 28നാണ് ഷഫാലിയുടെ ജനനം. ചെറുപ്രായം മുതൽക്ക് തന്നെ ക്രിക്കറ്റ് കളി ഇഷ്ടപ്പെട്ടിരുന്ന ഷഫാലി വനിതാ ക്രിക്കറ്റിന് ഏറെ അവസരങ്ങൾ ഇല്ലെന്ന് പെട്ടെന്നു തന്നെ മനസ്സിലാക്കി. ആൺകുട്ടികൾക്കായി നടത്തുന്ന ടൂർണമെൻ്റിൽ കളിക്കാൻ ഷഫാലി താത്പര്യം പ്രകടിപ്പിച്ചു എങ്കിലും പെൺകുട്ടി ആയതു കൊണ്ട് അവളെ പങ്കെടുപ്പിക്കാൻ സംഘാടകർ തയ്യാറായില്ല. പന്തടിച്ചു കൊണ്ട് വേദനിക്കുമെന്നും ആൺകുട്ടികളുടെ കളി മികവിനൊപ്പം നിൽക്കാൻ സാധിക്കില്ലെന്നുമാണ് സംഘാടകർ അറിയിച്ചത്. ഇതോടെ മുടി മുറിക്കാൻ ഷഫാലി തീരുമാനിച്ചു. കാഴ്ചയിൽ ആൺകുട്ടിയെന്ന് തെറ്റിദ്ധരിപ്പിച്ച് ഷഫാലി ചില ടൂർണമെൻ്റുകളിൽ പങ്കെടുത്തു. ടൂർണമെൻ്റുകളിൽ ഷഫാലിയുടെ സഹോദരൻ സഹിലും പങ്കെടുക്കാറുണ്ടായിരുന്നു.
അങ്ങനെയിരിക്കെ ഒരു ടൂർണമെൻ്റിൽ പങ്കെടുക്കാനിരുന്ന സഹിൽ അസുഖബാധിതനായി. സഹോദരനു പകരം താൻ ടൂർണമെൻ്റിൽ കളിക്കാമെന്ന് ഷഫാലി പിതാവിനോട് പറഞ്ഞു. പിതാവിൻ്റെ അനുമതിയോടെ സഹിലിൻ്റെ ജേഴ്സിയും അണിഞ്ഞ് കളിക്കാനിറങ്ങിയ ഷഫാലി തിരികെ വന്നത് പ്ലയർ ഓഫ് ദ സീരീസ് ട്രോഫിയുമായാണ്. പിന്നീട് നടന്നത് ചരിത്രമാണ്. ആഭ്യന്തര മത്സരങ്ങളിൽ അതിഗംഭീര പ്രകടനങ്ങൾ നടത്തിയ 15കാരി ലോക ക്രിക്കറ്റിലെ തന്നെ ഇതിഹാസങ്ങളിൽ ഒരാളായ മിഥാലി രാജിനു പകരം ടീമിലെത്തുന്നു. ഏറെ വൈകാതെ രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യക്കായി അർധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന സാക്ഷാൽ സച്ചിൻ്റെ റെക്കോർഡ് തകർക്കുന്നു. ടി-20 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് ലോകോത്തര ബൗളർമാരുടെ പേടി സ്വപ്നമാകുന്നു.
ടി-20 ലോകകപ്പിലെ ടോപ്പ് സ്കോറർമാരുടെ പട്ടികയിൽ മൂന്നാമതാണ് ഷഫാലി. 4 മത്സരങ്ങളിൽ നിന്ന് 161 റൺസ്. ടൂർണമെൻ്റിൽ ഏറ്റവും അധികം സിക്സറുകൾ, 9. ടൂർണമെൻ്റിലെ ഏറ്റവും ഉയർന്ന് സ്ട്രൈക്ക് റേറ്റ്, 161. രാജ്യാന്തര മത്സരങ്ങളിൽ വർഷങ്ങളുടെ പരിചയമുള്ള സൂപ്പർ സ്റ്റാറുകൾക്കിടയിലാണ് ഒരു കൊച്ചു പെണ്ണ് തലക്കെട്ടുകൾ തീർക്കുന്നത്. അതു കൊണ്ട് തന്നെ ഷഫാലി വർമ്മയുടെ കടന്നു വരവ് ഇന്ത്യൻ വനിതാ ക്രിക്കറ്റിന് ഊർജമാവും എന്നതിൽ തർക്കമില്ല.
Story Highlights: Shafali Verma indian women cricketer life story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here