ദേവനന്ദയുടെ മരണം; തെളിവുകൾ ശേഖരിക്കാൻ ഫോറൻസിക് വിദഗ്ധർ നാളെയെത്തും

കൊല്ലം ഇളവൂരിലെ ആറുവയസുകാരി ദേവനന്ദയുടെ മരണത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ഫോറൻസിക് വിദഗ്ധർ നാളെയെത്തും. മരണത്തിൽ വീട്ടുകാർ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയതോടെ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കാനാണ് തീരുമാനം. അന്തിമ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും നാളെ ലഭിക്കും.
കൊല്ലം പള്ളിമൺ ഇളവൂരിൽ ആറു വയസുകാരി ദേവനന്ദ ആറ്റിൽ വീണ് മരിച്ച സംഭവത്തിൽ അന്വേഷണം തുടരുകയാണ്. സംഭവസ്ഥലത്ത് നടത്തിയ അന്വേഷണത്തിലും പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ദുരൂഹതകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, കുട്ടിയുടെ അമ്മയും മുത്തച്ഛനും ഉൾപ്പെടെയുള്ളവർ മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തി. ഇതോടെയാണ് പോസ്റ്റ്‌മോർട്ടം അന്തിമ റിപ്പോർട്ട് കാത്തുനിൽക്കാതെ അന്വേഷണം ഊർജിതം ആക്കുന്നത്. അന്വേഷണത്തിനായി പ്രത്യേക സെൽ രൂപീകരിച്ചതായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. സംശയമുള്ള ആർക്കും പൊലീസിനെ വിവരം അറിയിക്കാം.
ദേവനന്ദയുടെ മരണകാരണം കണ്ടെത്താൻ കൂടുതൽ ശാസ്ത്രീയ തെളിവുകൾ തേടി പോസ്റ്റ്മാർട്ടം ചെയ്ത ഫോറൻസിക്ക് വിദഗ്ധർ നാളെ ഇളവൂരിലെത്തും. തിരുവനന്തപുരം മെഡിക്കൽ കോളജിലെ പുതിയ ഫോറൻസിക്ക് മേധാവി പ്രൊഫസർ ശശികലയും ദേവനന്ദയുടെ മൃതശരീരം ലഭിച്ച സ്ഥലം സന്ദർശിച്ച് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കും. പ്രചരണങ്ങൾക്കും സംശയങ്ങൾൾക്കും പിന്നാലെ പോകാതെ ശാസ്ത്രീയമായ അന്വേഷണരീതി അവലംബിച്ചാണ് പൊലീസ് മുന്നോട്ട് പോകുന്നത്.
Story highlight: Forensic experts, Devananda
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here