അമേരിക്കയുമായി ഉണ്ടാക്കിയ സമാധാന കരാറിൽ നിന്ന് താലിബാൻ പിന്മാറി

അമേരിക്കയുമായി ഉണ്ടാക്കിയ സമാധാന കരാറിൽ നിന്ന് താലിബാൻ ഭാഗികമായി പിന്മാറി. അഫ്ഗാൻ സർക്കാരിന്റെ സൈന്യവുമായി ഏറ്റുമുട്ടൽ തുടരുമെന്നും വിദേശ സൈന്യങ്ങളെ ആക്രമിക്കില്ലെന്നും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു.

ഫെബ്രുവരി 29ന് ദോഹയിൽ വച്ചാണ് അമേരിക്കയും താലിബാനും സമാധാന കരാറിൽ ഒപ്പുവെച്ചത്. അഫ്ഗാൻ സർക്കാരുമായി താലിബാൻ സമാധാന ചർച്ച നടത്തുകയും ഭീകരപ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുകയും ചെയ്യുമെന്നായിരുന്നു ധാരണ. എന്നാൽ താലിബാൻ തടവുകാരെ മോചിപ്പിക്കില്ലെന്ന നിലപാട് വ്യക്തമാക്കി അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി രംഗത്തെത്തി. ഇതാണ് താലിബാനെ ചൊടിപ്പിച്ചതെന്നാണ് വിവരം.

താലിബാന്റെ പ്രഖ്യാപനത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ സ്ഫോടനമുണ്ടായി. കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഒരു ഫുട്ബോൾ മത്സരത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പതിനൊന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മോട്ടോർസൈക്കിൾ ബോംബാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top