‘മോഷണക്കുറ്റം സമ്മതിച്ചില്ല, ശരീരം മുഴുവൻ പൊള്ളിച്ചു’; ക്രൂര പീഡനം വെളിപ്പെടുത്തി പ്രവാസി മലയാളി

മലേഷ്യയിൽ തൊഴിൽ ഉടമയിൽ നിന്നേറ്റ അതിക്രൂരമായ പീഡനം വെളിപ്പെടുത്തി പ്രവാസി മലയാളി ഹരിദാസ്. പഴുപ്പിച്ച ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് തമിഴ്‌നാട് സ്വദേശിയായ തൊഴിലുടമ ശരീരം മുഴുവൻ പൊളളിച്ചതെന്നും കഴിഞ്ഞ 28 മുതലാണ് ക്രൂര പീഡനത്തിനിരയായതെന്നും ഹരിദാസ് പറഞ്ഞു. ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാടുള്ള വീട്ടിൽ തിരിച്ചെത്തിയ ശേഷം ട്വന്റിഫോറിനോടാണ് ഹരിദാസ് പീഡനം തുറന്നു പറഞ്ഞത്.

ഒരു മാസത്തിലധികം നീണ്ട പീഡനങ്ങൾക്കും ദുരിതങ്ങൾക്കുമൊടുവിലാണ് ഹരിദാസ് മലേഷ്യയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയത്. കഴിഞ്ഞ ജനുവരി 28 നാണ് തൊഴിലുടമ ഹരിദാസിനേയും സഹപ്രവർത്തകനായ ഉത്തരേന്ത്യൻ സ്വദേശിയേയും കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടത്തിയത്. പണം മോഷ്ടിച്ചു എന്ന് സമ്മതിക്കണം എന്ന് പറഞ്ഞായിരുന്നു ക്രൂര മർദനം. തലയിലും ശരീരത്തിലും പട്ടിക ഉപയോഗിച്ച് തല്ലിയശേഷമാണ് പഴുപ്പിച്ച ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ശരീരം മുഴുവൻ പൊളളിച്ചതെന്നും ഹരിദാസ് പറഞ്ഞു.

മലേഷ്യയിൽ നിന്ന് ഇന്നലെ ചെന്നൈയിലെത്തിയ ഹരിദാസ് ഇന്ന് പുലർച്ചയാണ് പള്ളിപ്പാട്ടെ വീട്ടിലെത്തിയത്. തുടർന്ന് ചികിത്സയ്ക്കായി ഹരിപ്പാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കേളജിലും പ്രവേശിപ്പിച്ചു. ശാരീരിക അവശതകളിൽ കഴിയുമ്പോഴും, ദുരിത ജീവിതത്തിൽ നിന്ന് രക്ഷകരായ മലേഷ്യൻ മലയാളി സംഘടനകളോടും സംസ്ഥാന സർക്കാരിനോടുമുള്ള നന്ദി പറയുകയാണ് ഹരിദാസ്.

story highlights- haridas, brutal attack, Maleshya

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top