നാടകവണ്ടിക്ക് പിഴ ; ആരോപണം തെറ്റാണെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്

തൃശൂര്‍ തൃപ്രയാറില്‍ നാടകവണ്ടിക്ക് പിഴ ഈടാക്കിയെന്ന ആരോപണം തെറ്റാണെന്ന് വ്യക്തമാക്കി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്. താത്കാലികമായി വാഹനത്തിന്റെ മുകളില്‍ സ്ഥാപിച്ച ബോര്‍ഡിന്റെ ചതുരശ്ര സെന്റിമീറ്ററിലുള്ള അളവാണ് 24000. ഡ്രൈവര്‍ യൂണിഫോമിടാത്തതും
പുക പരിശോധന രേഖകളില്ലാത്തതുമായ കുറ്റങ്ങള്‍ ചാര്‍ജ് ചെയ്യുകമാത്രമാണ് ഉണ്ടായത്. ഇത് അനുസരിച്ച് ഏകദേശം 4800 രൂപ മാത്രമാണ് ഇവര്‍ അടയ്‌ക്കേണ്ടിവരുക. സംഭവസ്ഥലത്ത് വച്ച് പിഴയായി ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും തൃശൂര്‍ ഹെഡ് ക്വട്ടേഴ്‌സ് ജോയിന്റ് ആര്‍ടിഒ ശ്രീ പ്രകാശ് ട്വന്റിഫോര്‍ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

താത്കാലിക ബോര്‍ഡ് വച്ച് ഓടിയിരുന്ന ചില വാഹനങ്ങള്‍ അടുത്തിടെ അപകടത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം ചെന്ത്രാപ്പിന്നിയില്‍ വാഹനത്തില്‍ നിന്ന് ബോര്‍ഡ് അഴിഞ്ഞ് വീണ് അപകടം ഉണ്ടായി. ഇരുചക്ര വാഹനത്തിന്റെ മുകളിലേക്ക് ബോര്‍ഡ് വീണെങ്കിലും യാത്രക്കാര്‍ ഹെല്‍മറ്റ് ധരിച്ചത് കൊണ്ടാണ് രക്ഷപ്പെട്ടത്. ഇത് പോലെ താത്കാലികമായി ബോര്‍ഡ് കെട്ടിവെച്ചാണ് ചില വാഹനങ്ങള്‍ ഓടിയിരുന്നത്. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് നാടകവണ്ടി പരിശോധിച്ചത്. താത്കാലികമായി ബോര്‍ഡ് വയ്ക്കുന്നതിന്റെ അപകടസാധ്യതയെക്കുറിച്ച് വ്യക്തമാക്കുന്നതിനിടെ വാഹനത്തിലുണ്ടായിരുന്നവര്‍ വാഹനം പരിശോധിച്ച എഎംവി ഷീബയോട് കയര്‍ത്ത് സംസാരിച്ചു എന്നും വാഹനത്തിലുള്ള ചിലര്‍ മദ്യപിച്ചിരുന്നതായി സംശയമുള്ളതായും അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞദിവസമാണ് ആലുവ ‘അശ്വതി’ എന്ന നാടകസംഘത്തിന്റെ വാഹനത്തിന് മോട്ടോര്‍ വാഹന വകുപ്പ് 24000 രൂപ പിഴ ഈടാക്കിയെന്ന ആരോപണം ഉയര്‍ന്നത്. ഇതുസംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിലും വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. എഎംവി വാഹനം പരിശോധിക്കുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. അതേസമയം, 24000 പിഴ അടയ്‌ക്കേണ്ടിവരുമെന്ന് എഎംവി ഭീഷണിപ്പെടുത്തിയതായി നാടകസംഘം ഭാരവാഹി ഉണ്ണി ജയന്തന്‍ പ്രതികരിച്ചു. ബോര്‍ഡ് വയ്ക്കാന്‍ അനുമതി വാങ്ങണമെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. അത് ഉദ്യോഗസ്ഥയോട് പറയുകയും ചെയ്തു. എന്നാല്‍ ബോര്‍ഡ് വച്ചതിന് പിഴ അടയ്ക്കാന്‍ ഉദ്യോഗസ്ഥ ആവശ്യപ്പെട്ടു. പിഴ നല്‍കില്ലെന്നും വേണമെങ്കില്‍ കേസ് എടുത്തോളൂ എന്നും പറഞ്ഞപ്പോഴാണ് ബോര്‍ഡ് അളന്ന് രസീത് എഴുതിത്തന്നത്. സംഭവസ്ഥലത്ത് വച്ച് എഎംവി പിഴ വാങ്ങിയിട്ടില്ല. 24000 രൂപ കോടതിയില്‍ അടപ്പിക്കുമെന്ന് ഉദ്യോഗസ്ഥ പറഞ്ഞതായും ഉണ്ണി ജയന്തന്‍ വ്യക്തമാക്കി.

 

Story Highlights-  Fines for theater play Vehicle,  Motor Vehicle Department

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top