Advertisement

37 പന്തുകളിൽ സെഞ്ചുറി; തുടർച്ചയായി ഗംഭീര പ്രകടനങ്ങൾ; ഹർദ്ദിക് പാണ്ഡ്യ തിരിച്ചുവരുന്നു: വീഡിയോ

March 5, 2020
Google News 2 minutes Read

പരുക്കിനെത്തുടർന്ന് ആറ് മാസമായി കളിക്കളത്തിൽ നിന്ന് വിട്ടു നിൽക്കുന്ന ഇന്ത്യൻ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ ഈയിടെയാണ് തിരികെ എത്തിയത്. ഫെബ്രുവരി അവസാനം ആരംഭിച്ച ഡിവൈ പാട്ടിൽ ടി-20 ടൂര്‍ണമെന്റിലൂടെയാണ് ഹർദ്ദിക് വീണ്ടും ബാറ്റേന്തിയത്. ആറു മാസങ്ങൾ നീണ്ട കാലയളവിൽ കളത്തിനു പുറത്തായിട്ടും തൻ്റെ കളിമികവിന് കോട്ടം തട്ടിയിട്ടില്ലെന്ന് ഹർദ്ദിക് ടൂർണമെൻ്റിലൂടെ തെളിയിക്കുകയാണ്.

റിലയൻസ് 1 ടീമിനു വേണ്ടി കളിക്കുന്ന പാണ്ഡ്യ 37 പന്തുകളിൽ സെഞ്ചുറി നേടിയാണ് സെലക്ടർമാർക്ക് തൻ്റെ ഫോമിനെപ്പറ്റി കൃത്യമായ സൂചന നൽകിയത്. സിഎജിക്കെതിരെ നടന്ന മത്സരത്തിൽ 105 റൺസ് നേടിയ ശേഷമാണ് പാണ്ഡ്യ പുറത്തായത്. വെറും 39 പന്തുകളിൽ 8 ബൗണ്ടറികളും 10 സിക്സറുകളും സഹിതമാണ് പാണ്ഡ്യ 105ലേക്ക് കുതിച്ചെത്തിയത്. തുടർന്ന് ബൗളിംഗിലും പാണ്ഡ്യ മികവ് തുടർന്നു. 4 ഓവറിൽ 26 റൺസ് വഴങ്ങിയ പാണ്ഡ്യ അഞ്ച് വിക്കറ്റുകളാണ് പിഴുതത്. ഹർദ്ദിക്കിൻ്റെ മികവിൽ സിഎജിയെ 101 റൺസിന് പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിൽ കടന്നു. റിലയൻസ് 1, 5 വിക്കറ്റ് നഷ്ടപ്പെടുത്തി 252 റൺസ് എടുത്തപ്പോൾ സിഎജി 151 റൺസിന് എല്ലാവരും പുറത്തായി.

ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന ഈ മത്സരത്തിനു ശേഷം ക്വാർട്ടർ ഫൈനലിൽ വീണ്ടും ഹർദ്ദിക് തിളങ്ങി. ഡിവൈ പാട്ടിൽ എക്കെതിരെ 29 പന്തുകളിൽ 46 റൺസെടുത്ത പാണ്ഡ്യ രണ്ട് വിക്കറ്റുകളും വീഴ്ത്തി. മത്സരം 7 റൺസിനു വിജയിച്ച റിലയൻസ് എ ഫൈനലിലേക്ക് പ്രവേശിക്കുകയും ചെയ്തു.

നേരത്തെ ബാങ്ക് ഓഫ് ബറോഡക്കെതിരെ നടന്ന ഗ്രൂപ്പ് മത്സരത്തിൽ 25 പന്തുകളിൽ 38 റൺസെടുത്ത പാണ്ഡ്യ പന്തെറിഞ്ഞപ്പോൾ അഞ്ച് വിക്കറ്റുകളും നേടിയിരുന്നു. ടൂർണമെൻ്റിലാകെ 12 വിക്കറ്റുകൾ നേടിയ ഹർദ്ദിക് തന്നെയാണ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമത്.

ഇന്ത്യൻ താരങ്ങളായ ശിഖർ ധവാൻ, ഭുവനേശ്വർ കുമാർ, ശ്രേയസ് അയ്യർ, ശിവം ദുബെ തുടങ്ങിയ താരങ്ങൾ ഉൾപ്പെടെ ടൂർണമെൻ്റിൽ കളിക്കുന്നുണ്ട്. ഹർദ്ദിക്കിനൊപ്പം മുംബൈ ഇന്ത്യൻസിൽ കളിക്കുന്ന സൂര്യകുമാർ യാദവ്, അന്മോൾപ്രീത് സിംഗ്, രാഹുൽ ചഹാർ തുടങ്ങിയവരും ടൂർണമെൻ്റിൽ മികച്ച പ്രകടനം നടത്തുകയാണ്. ഐപിഎൽ തുടങ്ങാൻ ആഴ്ചകൾ മാത്രം നിൽക്കെ താരങ്ങൾ ഫോമിലേക്കെത്തിയത് ആരാധകർക്കും സന്തോഷം പകരും.

Story Highlights: Hardik Pandya string of good perfomances in t-20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here