അഫ്ഗാനിസ്താനിലെ യുദ്ധ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തും

അഫ്ഗാനിസ്താനിലെ യുദ്ധ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് അംഗീകാരം നല്‍കി രാജ്യാന്തര ക്രിമിനല്‍ കോടതി. അമേരിക്കയുടെയും അഫ്ഗാനിസ്താന്റെയും സൈന്യങ്ങള്‍ക്കും താലിബാന്‍ തീവ്രവാദികള്‍ക്കുമെതിരായ ആരോപണങ്ങളാണ് അന്വേഷണത്തില്‍ പ്രധാനമായും ഉള്‍പ്പെടുക.

രാജ്യാന്തര ക്രിമിനല്‍ കോടതി ജഡ്ജി പിയോത്ര് ഹോഫ്മാന്‍സ്‌കിയാണ് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. പ്രോസിക്യൂട്ടര്‍ ഫത്തൗ ബെന്‍സൗദയാണ് അന്വേഷണം നടത്തുക. ബെന്‍സൗദ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ അഫ്ഗാനിസ്താനില്‍ യുദ്ധ കുറ്റകൃത്യങ്ങള്‍ നടന്നു എന്ന് വിശ്വസിക്കാന്‍ പാകമായ തെളിവുകളുണ്ടെന്നും അതുകൊണ്ടുതന്നെ വിശദമായ അന്വേഷണം ആവശ്യമാണെന്നും പിയോത്ര് ഹോഫ്മാന്‍സ്‌കി വ്യക്തമാക്കി. നേരത്തെ അന്വേഷണ ആവശ്യത്തെ അമേരിക്ക എതിര്‍ത്തിരുന്നു. അമേരിക്ക രാജ്യാന്തര ക്രിമിനല്‍ കോടതിയില്‍ അംഗമല്ല. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ വര്‍ഷം രാജ്യാന്തര ക്രിമിനല്‍ കോടതി ഉദ്യോഗസ്ഥര്‍ക്ക് അമേരിക്കയിലേയ്ക്കുള്ള യാത്രകളില്‍ നിയന്ത്രണവും മറ്റ് ഉപരോധങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

18 വര്‍ഷം നീണ്ട യുദ്ധത്തിന് വിരാമമിടുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 29ന് അമേരിക്കയും താലിബാനും തമ്മില്‍ സമാധാന കരാര്‍ ഒപ്പിട്ടിരുന്നു. കരാര്‍ അനുസരിച്ച് അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യം 14 മാസത്തിനുള്ളില്‍ അഫ്ഗാനിസ്താനില്‍ നിന്ന് പൂര്‍ണമായി പിന്‍മാറും എന്നായിരുന്നു തീരുമാനം. എന്നാല്‍ ദിവസങ്ങള്‍ക്കകം താലിബാന്‍ കരാറില്‍ നിന്ന് പിന്‍മാറി. തുടര്‍ന്ന് അഫ്ഗാന്‍ സൈനികര്‍ക്കെതിരെ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ഇതിന് മറുപടിയായി ഇന്നലെ അമേരിക്ക താലിബാനെതിരെ വ്യോമാക്രമണം നടത്തിയിരുന്നു.

 

 Story Highlights- Investigations, war crimes, Afghanistan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top