മോഷണത്തിനിരയായെന്ന് പരാതിപ്പെട്ട ലോട്ടറി വിൽപ്പനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

മോഷണത്തിനിരയായെന്ന് പരാതിപ്പെട്ട ലോട്ടറി വിൽപ്പനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മാങ്ങാട്ടിടം സ്വദേശിയായ യു സതീശനെ (59)യാണ് സഹോദരന്റെ വീടിന് സമീപത്തെ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മോഷണത്തിനിരയായെന്ന് ചൂണ്ടിക്കാട്ടി സതീശൻ നേരത്തേ കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ കൂത്തുപറമ്പ്-കണ്ണൂർ റോഡിൽവച്ച് മോഷണത്തിനിരയായെന്നായിരുന്നു സതീശന്റെ പരാതി. വാനിലെത്തിയ ഒരു സംഘം 12,000 രൂപയുടെ ലോട്ടറി ടിക്കറ്റുകളും 850 രൂപയും അടങ്ങിയ ബാഗ് തട്ടിയെടുക്കുകയായിരുന്നു. തിരിച്ചറിയൽ കാർഡുകളും ബാങ്ക് പാസ്ബുക്കും ഇതിൽ ഉണ്ടായിരുന്നു. പിടിവലിക്കിടെ റോഡിൽ വീണുപോയ സതീശനെ സുഹൃത്തായ ഓട്ടോ ഡ്രൈവറാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിന് ശേഷം സതീശൻ ലോട്ടറി വിൽപ്പനയ്ക്ക് പോയിട്ടില്ലെന്ന് വീട്ടുകാർ പറഞ്ഞു.
അഞ്ച് വർഷം മുൻപ് ഗില്ലൻബാരി സിൻഡ്രോം ബാധിച്ച് ശരീരം തളർന്നതിന് ശേഷമാണ് സതീശൻ ലോട്ടറി വിൽപ്പനയിലേക്കു തിരിഞ്ഞത്. പിന്നീട് മുച്ചക്ര സൈക്കിൾ ലഭിച്ചതോടെ എല്ലാ ദിവസവം പുലർച്ചെ നാല് മണിയോടെ ലോട്ടറി കച്ചവടത്തിന് ഇറങ്ങുമായിരുന്നു. പുഷ്പയാണ് സതീശന്റെ ഭാര്യ. സൗമ്യ, സിനോയ് എന്നിവരാണ് മക്കൾ.
story highlights- Lottery seller, U Satheesan, hanged to death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here