മലപ്പുറം ഡിഡിഇ ഓഫിസിലെ വൈദ്യുതി ബന്ധം വിഛേദിച്ച് കെഎസ്ഇബി

മലപ്പുറം ഡിഡിഇ ഓഫീസിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിഛേദിച്ചു. കുടിശിക അടക്കാനുണ്ടെന്ന് ചൂണ്ടികാട്ടിയാണ് കെഎസ്ഇബിയുടെ നടപടി. എസ്എസ്എൽസി പരീക്ഷക്കായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. 37,068 രൂപയാണ് ഡിഡിഇ ഓഫിസ് ബിൽ തുകയായി അടക്കാനുണ്ടായിരുന്നത്. അടവ് വൈകിയതോടെ ഒരിക്കൽ ജീവനക്കാർ പിരിവെടുത്ത് 20,000 രൂപ അടച്ചിരുന്നു. ബാക്കിയുള്ള 17,068 രൂപ അടക്കാൻ ഫണ്ടില്ലായിരുന്നെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

Read Also: എസ്എസ്എൽസി ചോദ്യ പേപ്പർ സൂക്ഷിക്കൽ; സ്‌കൂളുകളിൽ അല്ല, ഇത്തവണയും ട്രഷറികളിൽ തന്നെ

പരീക്ഷകൾ നടക്കുന്ന സമയമായതിനാൽ ഫ്യൂസ് ഊരരുതെന്ന് കാണിച്ച് കെഎസ്ഇബിയ്ക്ക് കത്തയച്ചിരുന്നങ്കിലും ഉദ്യോഗസ്ഥർ വന്ന് വൈദ്യുതി ബന്ധം വിഛേദിക്കുകയായിരുന്നു. തുക അനുവദിക്കാൻ വിദ്യാഭ്യാസ ഡയറക്ടർക്ക് ഡിഡിഇ അപേക്ഷ നൽകിയിട്ടും നടപടി ഉണ്ടായിരുന്നില്ല. ഫണ്ട് ലഭിക്കാത്ത കാര്യം ചൂണ്ടിക്കാട്ടിയാണ് കെഎസ്ഇബിയ്ക്ക് കത്ത് നൽകിയത്. എന്നാൽ ഇത് കണക്കിലെടുക്കാതെ കെഎസ്ഇബി വൈദ്യുതി വിഛേദിക്കുകയായിരുന്നു. പരീക്ഷ തിരക്കുകൾക്കിടയിൽ ഇരുട്ടിലായതോടെ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫിസിലെ പ്രവർത്തനം താളം തെറ്റിയിരിക്കുകയാണ്.

അതേസമയം, എസ്എസ്എൽസി ചോദ്യ പേപ്പർ സ്‌കൂളുകളിൽ തന്നെ സൂക്ഷിക്കാനുള്ള സർക്കാർ തീരുമാനം പൊലീസിന്റെ വിലപേശലിനെ തുടർന്ന് മുടങ്ങി. ചോദ്യ പേപ്പർ സൂക്ഷിക്കുന്ന സ്‌കൂളുകൾക്ക് സംരക്ഷണം നൽകാൻ പൊലീസ് ആറ് കോടി രൂപ ആവശ്യപ്പെട്ടു. ഇതോടെ വിദ്യാഭ്യാസ വകുപ്പ് തീരുമാനം ഉപേക്ഷിച്ചു. മുൻ വർഷങ്ങളിലേതുപോലെ ട്രഷറികളിൽ തന്നെ സൂക്ഷിക്കാൻ തീരുമാനിക്കുകയും ചെയ്തു.

 

kseb

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top