എസ്എസ്എൽസി ചോദ്യ പേപ്പർ സൂക്ഷിക്കൽ; സ്‌കൂളുകളിൽ അല്ല, ഇത്തവണയും ട്രഷറികളിൽ തന്നെ

എസ്എസ്എൽസി ചോദ്യ പേപ്പർ സ്‌കൂളുകളിൽ തന്നെ സൂക്ഷിക്കാനുള്ള സർക്കാർ തീരുമാനം പൊലീസിന്റെ വിലപേശലിനെ തുടർന്ന് മുടങ്ങി. ചോദ്യ പേപ്പർ സൂക്ഷിക്കുന്ന സ്‌കൂളുകൾക്ക് സംരക്ഷണം നൽകാൻ പൊലീസ് ആറ് കോടി രൂപ ആവശ്യപ്പെട്ടു. ഇതോടെ വിദ്യാഭ്യാസ വകുപ്പ് തീരുമാനം ഉപേക്ഷിച്ചു. മുൻ വർഷങ്ങളിലേതുപോലെ ട്രഷറികളിൽ തന്നെ സൂക്ഷിക്കാൻ തീരുമാനിക്കുകയും ചെയ്തു.

Read Also: കണ്ണൂരും എറണാകുളത്തും വാഹനാപകടം; വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

സായുധ പൊലീസിന്റെ സുരക്ഷയോടെ ചോദ്യപേപ്പർ സൂക്ഷിക്കാനായിരുന്നു ആദ്യം തീരുമാനം. ഇതിനായി സംസ്ഥാന പൊലീസ് മേധാവിയോട് വിദ്യാഭ്യാസ വകുപ്പ് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സായുധ പൊലീസിന്റെ സുരക്ഷയ്ക്ക് ആറ് കോടി രൂപയാണ് പൊലീസ് ആവശ്യപ്പെട്ടത്. മാർച്ച് പത്ത് മുതൽ 26 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുന്നത്. 18 ദിവസമാണ് വിദ്യാഭ്യാസ വകുപ്പ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടത്. എന്നാൽ ആറ് കോടി രൂപ നൽകാനില്ലാത്തതിനാൽ വിദ്യാഭ്യാസ വകുപ്പ് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. പകരം പഴയത് പോലെ ട്രഷറികളിൽ തന്നെ ചോദ്യ പേപ്പർ സൂക്ഷിക്കുകയും പരീക്ഷാ ദിവസം സ്‌കൂളുകളിൽ എത്തിക്കാൻ തീരുമാനിക്കുകയും ചെയ്തു. കോടതി നിർദേശത്തെ തുടർന്നാണ് ചോദ്യ പേപ്പർ ട്രഷറിയിൽ സൂക്ഷിക്കാൻ തീരുമാനിച്ചതെന്നും കോടതിയെ അറിയിക്കാതെ ഇത് മാറ്റാനാകില്ലെന്നുമാണ് തീരുമാനം ഉപേക്ഷിക്കാൻ കാരണമായി വിദ്യാഭ്യാസവകുപ്പ് പറയുന്നത്.

2005ലെ എസ്എസ്എൽസി ചോദ്യപേപ്പർ ചോർച്ചയെ തുടർന്നാണ് ചോദ്യപേപ്പർ ട്രഷറികളിലും ബാങ്ക് ലോക്കറുകളിലും സൂക്ഷിക്കാൻ തീരുമാനിച്ചത്. പരീക്ഷയുടെ ദിവസം രാവിലെ ആറിന് ചോദ്യ പേപ്പർ സുരക്ഷാ സംവിധാനത്തോടെ സ്‌കൂളുകളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. 15 വർഷം കഴിഞ്ഞിട്ടും ഇതേ രീതിയിൽ തന്നെയാണ് എസ്എസ്എൽസി പരീക്ഷ നടത്തുന്നത്. ഇത് വലിയ തോതിലുള്ള സാമ്പത്തിക ചെലവിനും സമയനഷ്ടത്തിനും ഇടയാക്കുന്നതിനാൽ ഇത്തവണ സ്‌കൂളുകളിൽ തന്നെ ചോദ്യപേപ്പർ സൂക്ഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു. എന്നാൽ ഈ തീരുമാനമാണ് മാറ്റേണ്ടി വന്നത്.

 

 

sslc

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top