സാമ്പത്തിക പ്രതിസന്ധി; ക്ഷീര കർഷകർ സ്വകാര്യ ഡയറികൾക്ക് പാൽ വിൽക്കുന്നു; മിൽമയ്ക്ക് തിരിച്ചടി

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്വകാര്യ ഡയറികളെ ആശ്രയിക്കുന്ന ക്ഷീര കർഷകരുടെ നിലപാട് മിൽമയ്ക്ക് തിരിച്ചടിയാകുന്നു. വില വർധിപ്പിക്കാത്തതിനാൽ ക്ഷീര കർഷകർ സ്വകാര്യ ഡയറികൾക്ക് പാൽ വിൽക്കുന്നതിന് നിർബന്ധിതരായിരിക്കുകയാണ്. എന്നാൽ ക്ഷീര കർഷകരുടെ ഈ പ്രവണത മിൽമയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. കർഷകരുടെ ആശങ്കകൾ ഉടനടി പരിഹരിക്കുന്നതിനായി മിൽമ പ്രതിനിധികൾ മുഖ്യമന്ത്രിയെ കാണാൻ ഒരുങ്ങുകയാണ്.
Read Also: മിൽമ പാൽ വില വർധനവ്; അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ചെയർമാൻ
സംസ്ഥാനത്ത് 12 ലക്ഷം ലിറ്റർ പാലാണ് മിൽമ സൊസൈറ്റികൾ വഴി പ്രതിദിനം വിതരണം ചെയ്തിരുന്നത്. എന്നാൽ പാൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സഹകരണ സംഘങ്ങളിലേക്ക് എത്തുന്ന പാലിന്റെ അളവിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. സാമ്പത്തിക ഞെരുക്കത്തിൽ നട്ടം തിരിയുന്ന ക്ഷീര കർഷകർ സ്വകര്യ ഡയറികൾക്ക് പാൽ വിൽക്കുന്നതാണ് ഇതിന് പ്രധാന കാരണം. കർഷകരുടെ ഈ പ്രവണത മിൽമയെ കടുത്ത പ്രതിസന്ധിയിലാഴ്ത്തുകയാണ്. സംസ്ഥാനത്തെ പാൽ പ്രതിസന്ധി മറികടക്കാനായി അന്യസംസ്ഥാനങ്ങള്ളിലെ സഹകരണ സംഘങ്ങളെയാണ് മിൽമ ആശ്രയിച്ചിരുന്നത്. എന്നാൽ കേരളത്തിലെ മിൽമ സംഘങ്ങളിലേക്ക് എത്തുന്ന പാലിന്റെ അളവ് കുറഞ്ഞതോടെ ഇരട്ടി വിലകൊടുത്താണ് അന്യസംസ്ഥാനങ്ങളിൽ നിന്ന് പാൽ വാങ്ങുന്നത്. ഈ അമിതഭാരം മറികടക്കാനുള്ള സാധ്യതകളാണ് കഴിഞ്ഞ ദിവസം നടന്ന മിൽമ സംസ്ഥാന സമിതി യോഗത്തിൽ ചർച്ചയായത്. ആറ് രൂപയോളം വർധിപ്പിക്കണമെന്ന നിലപാട് ആദ്യഘട്ടത്തിൽ സ്വീകരിച്ചെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് തീരുമാനം ഒഴിവാകുകയായിരുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കർഷകർക്ക് മൂന്ന് രൂപയെങ്കിലും അധികം നൽകാൻ സർക്കാർ തയാറാകണമെന്നാണ് മിൽമയുടെ ആവശ്യം. ഇക്കാര്യം മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിക്കുമെന്നും മിൽമ അധികൃതർ വ്യക്തമായിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ ചൂഷണം ചെയ്യാനെത്തുന്ന സ്വകാര്യ ഡയറികൾക്കെതിരെ സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ ക്ഷീരകർഷകർക്കിടയിൽ ബോധവത്കരണം നടക്കുന്നുണ്ട്. ഏപ്രിൽ- മെയ് മാസങ്ങൾ വരെ പാൽ പ്രതിസന്ധി തുടരാനാണ് സാധ്യത. അതുകൊണ്ട് തന്നെ അടിയന്തരമായി സർക്കാർ ഈ വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ ക്ഷീര കർഷകരുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാകുമെന്നാണ് മിൽമ പറയുന്നത്.
milma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here