തൃശൂരിൽ ആന ഇടഞ്ഞു; പാപ്പാൻ ചാടി രക്ഷപ്പെട്ടു

തൃശൂരിലെ ഒളരിയിൽ ആന ഇടഞ്ഞു. ഒളരിക്കര കാളിദാസൻ എന്ന ആനയാണ് ഇടഞ്ഞത്. ക്ഷേത്രപറമ്പിൽ തളക്കുന്നതിനിടെയാണ് ആന ഇടഞ്ഞോടിയത്.

കഴിഞ്ഞ ദിവസം നീരിൽ നിന്ന് അഴിച്ച ആനയെ പുറത്തേക്ക് ഇറക്കുന്നതിന്റെ ഭാഗമായി ക്ഷേത്രപറമ്പിൽ നടത്തുന്നതിനിടയിലാണ് ഇടഞ്ഞത്. ആക്രമണ സ്വഭാവത്തിന് മുതിർന്ന ആന ക്ഷേത്ര വളപ്പിലെ മരങ്ങൾ കുത്തി പിഴുതിട്ടു. സംഭവ സമയം ആനപ്പുറത്തിരുന്ന പപ്പാന്‍ ചാടിരക്ഷപ്പെടുകയായിരുന്നു.

ആദ്യ ഘട്ടത്തിൽ പാപ്പാന്മാർ ചേർന്ന് വടമിട്ട് ആനയെ തളക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഒടുവില്‍ തൃശൂരില്‍ നിന്ന് എലിഫന്‍റ് സ്ക്വാഡ് എത്തി ക്യാച്ചര്‍ ബെല്‍റ്റിട്ടാണ് ആനയെ തളച്ചത്.

തൃശ്ശൂര്‍-വാടാനപ്പിള്ളി സ്റ്റേറ്റ് ഹെെവേയും ജനവാസ മേഖലയും തൊട്ടടുത്ത് ആയതിനാൽ ആന പുറത്തേക്കു ഇടഞ്ഞോടിയാൽ അപകടമുണ്ടായേക്കുമെന്ന കരുതലിൽ ക്ഷേത്ര പറമ്പിൽ തന്നെ ആളുകൾ വലയം തീർത്ത് ആനയെ ശാന്തനാക്കാന്‍ ഏറെ നേരം ശ്രമം നടത്തി. തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.

Story Highlights: Elephant attack in thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top