വീണ്ടും സെഞ്ചുറി: ഇത്തവണ 39 പന്തുകളിൽ; അടിച്ചത് 20 സിക്സറുകൾ; എതിരാളികളില്ലാതെ ഹർദ്ദിക് പാണ്ഡ്യ

ഡിവൈ പാട്ടിൽ ടി-20 ടൂർണമെൻ്റിൽ മൂന്ന് ദിവസത്തിനിടെ രണ്ടാം സെഞ്ചുറിയുമായി ഇന്ത്യൻ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ. ടൂർണമെൻ്റ് സെമി ഫൈനലിൽ ബിപിസിഎലിനെതിരെയാണ് പാണ്ഡ്യ തൻ്റെ രണ്ടാം സെഞ്ചുറി കണ്ടെത്തിയത്. 39 പന്തുകളിൽ സെഞ്ചുറിയിലെത്തിയ പാണ്ഡ്യ കളി അവസാനിക്കുമ്പോൾ 55 പന്തുകളിൽ 158 റൺസെടുത്ത് പുറത്താവാതെ നിന്നു. 20 സിക്സറുകളും ആറ് ബൗണ്ടറികളുമാണ് തൻ്റെ ഇന്നിംഗ്സിൽ പാണ്ഡ്യ അടിച്ചത്. പാണ്ഡ്യയുടെ ഇന്നിംഗ്സിൻ്റെ മികവിൽ റിലയൻസ് വൺ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 238 റൺസാണ് നേടിയത്. മറ്റൊരു ഇന്ത്യൻ താരം ശിഖർ ധവാൻ (3) വേഗം പുറത്തായിരുന്നു.

കഴിഞ്ഞ ദിവസം 37 പന്തുകളിലാണ് പാണ്ഡ്യ സെഞ്ചുറി നേടിയത്. സിഎജിക്കെതിരെ നടന്ന മത്സരത്തിൽ 105 റൺസ് നേടിയ ശേഷമാണ് പാണ്ഡ്യ പുറത്തായത്. വെറും 39 പന്തുകളിൽ 8 ബൗണ്ടറികളും 10 സിക്സറുകളും സഹിതമാണ് പാണ്ഡ്യ 105ലേക്ക് കുതിച്ചെത്തിയത്. തുടർന്ന് ബൗളിംഗിലും പാണ്ഡ്യ മികവ് തുടർന്നു. 4 ഓവറിൽ 26 റൺസ് വഴങ്ങിയ പാണ്ഡ്യ അഞ്ച് വിക്കറ്റുകളാണ് പിഴുതത്. ഹർദ്ദിക്കിൻ്റെ മികവിൽ സിഎജിയെ 101 റൺസിന് പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിൽ കടന്നു. റിലയൻസ് വൺ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 252 റൺസ് എടുത്തപ്പോൾ സിഎജി 151 റൺസിന് എല്ലാവരും പുറത്തായി.

ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന ഈ മത്സരത്തിനു ശേഷം ക്വാർട്ടർ ഫൈനലിൽ വീണ്ടും ഹർദ്ദിക് തിളങ്ങി. ഡിവൈ പാട്ടിൽ എക്കെതിരെ 29 പന്തുകളിൽ 46 റൺസെടുത്ത പാണ്ഡ്യ രണ്ട് വിക്കറ്റുകളും വീഴ്ത്തി. മത്സരം 7 റൺസിനു റിലയൻസ് എ വിജയിച്ചിരുന്നു. ബാങ്ക് ഓഫ് ബറോഡക്കെതിരെ നടന്ന ഗ്രൂപ്പ് മത്സരത്തിൽ 25 പന്തുകളിൽ 38 റൺസെടുത്ത പാണ്ഡ്യ പന്തെറിഞ്ഞപ്പോൾ അഞ്ച് വിക്കറ്റുകളും നേടിയിരുന്നു. ടൂർണമെൻ്റിലാകെ 12 വിക്കറ്റുകൾ നേടിയ ഹർദ്ദിക് തന്നെയാണ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമത്.

Story Highlights: hardik pandya again century in dy patil t-20 cup

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top