കേരളത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; രേഖപ്പെടുത്തിയത് 24 വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിരക്ക്

പോയ വർഷം കണ്ടത് കേരളത്തിലേക്കുള്ള സഞ്ചാരികളുടെ റെക്കോർഡ് ഒഴുക്ക്. രണ്ട് മഹാ പ്രളയങ്ങൾക്കു ശേഷം കേരളം കരകയറുന്നു എന്ന സൂചന നൽകി കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്ത് എത്തിയത് 1.96 കോടി വിനോദസഞ്ചാരികളാണ്. 24 വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്ത്യൻ എക്സ്പ്രസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

2018ൽ നിന്ന് 17.2 ശതമാനം വളർച്ചയാണ് 2019ൽ രേഖപ്പെടുത്തിയത്. 1.56 കോടി സ്വദേശികളും 10.96 ലക്ഷം വിദേശികളും ഉൾപ്പെടെ 1.67 കോടി ടൂറിസ്റ്റുകളാണ് 2018ൽ കേരളം സന്ദർശിച്ചത്. ഈ വർഷം സന്ദർശിച്ച 1.96 കോടി സഞ്ചാരികളിൽ 1.83 കോടി പേർ സ്വദേശികളും 11.89 ലക്ഷം പേർ വിദേശികളുമാണ്. 45010.69 കോടി രൂപയാണ് കഴിഞ്ഞ വർഷം ടൂറിസം മേഖലയിലൂടെ കേരള സർക്കാർ ഉണ്ടാക്കിയ വരുമാനം.

“2018ലും 19ലുമായി ഉണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാക്കിയ കഷ്ടതകളിൽ നിന്ന് നമ്മൾ കരുത്തോടെ തിരിച്ചെത്തിയിരിക്കുന്നു. 1996നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 2019 മെയ് മുതൽ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടാവുകയും വർഷാവസാനം വരെ ആ വർധന നിലനിക്കുകയും ചെയ്തു.”- ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം സഞ്ചാരികൾ എത്തിയത്. 45,82,366 പേരാണ് എറണാകുളത്ത് എത്തിയത്. 33,48,618 പേരുമായി തിരുവനന്തപുരം രണ്ടാമതും 25,99,248 ആൾക്കാരുമായി തൃശൂരും 18,95,422 സഞ്ചാരികളുമായി ഇടുക്കിയും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലും ഉണ്ട്.

Story Highlights: Kerala bounces back after floods, records highest tourist footfall in 24 years

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top