സംസ്ഥാന ബിജെപി ഭാരവാഹി പട്ടികയില്‍ പരാതി അനുവദിക്കില്ലെന്ന് കേന്ദ്ര നേതൃത്വം

കേരളത്തിലെ ബിജെപിയില്‍ വിമത സ്വരം ഉയര്‍ത്തുന്ന മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ക്ക് കേന്ദ്ര നേതൃത്വത്തിന്റെ മുന്നറിയിപ്പ്. പരാതിയുമായി ഡല്‍ഹിയിലേക്ക് ആരും വരേണ്ടെന്ന് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കി. പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി ഏതെങ്കിലും അച്ചടക്ക ലംഘനമോ പരസ്യ പ്രതികരണമോ ഉണ്ടായാല്‍ കര്‍ശന നടപടിയെന്നതാകും ഇനി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.
കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ നീതി ലഭിച്ചില്ലെന്നാണ് സംസ്ഥാനത്തെ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ ദേശീയ നേതൃത്വത്തെ അറിയിക്കാന്‍ ശ്രമിച്ചത്. ഇക്കാര്യത്തിലെ പ്രതിഷേധം നേരിട്ട് അറിയിക്കാന്‍ അനുവദിക്കണമെന്നായിരുന്നു അഭ്യര്‍ത്ഥന. എന്നാല്‍ ഇതിനായി ഡല്‍ഹിക്ക് വരേണ്ടതില്ലെന്നാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചിരിക്കുന്ന നിലപാട്.
എം ടി രമേശ്, ശോഭാ സുരേന്ദ്രന്, എ എന്‍ രാധാകൃഷ്ണന് എന്നിവരോട് ഏല്പിക്കപ്പെട്ട ചുമതല ഉടന്‍ ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ തന്നെ ടെലിഫോണില്‍ ബന്ധപ്പെട്ട മുതിര്‍ന്ന നേതാക്കളോട് സംസാരിച്ചു. മുരളീധര വിഭാഗത്തിന് മേല്‍ക്കൈ ഉണ്ടെന്ന് കരുതുന്ന പുതിയ സംസ്ഥാന സമിതിയില്‍ നിന്ന് ഒരു വിധത്തിലുള്ള പ്രതികാര ബുദ്ധിയോടെയുള്ള പ്രവര്ത്തിയുമുണ്ടാകില്ല.
ഇക്കാര്യം ഉറപ്പാക്കാന്‍ ദേശീയ നേതൃത്വം വേണ്ടത് ചെയ്യും. എന്നാല്‍ ഇപ്പോഴുള്ള ഒരു വിഭാഗം നേതാക്കളുടെ നിലപാടുകള്‍ മുന്‍വിധിയോടെയുള്ളതാണ്. ഇത് ഒഴിവാക്കി സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കണം. കേരളത്തിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കാനുള്ള ചുമതല സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിനാണ് നല്‍കിയിരിക്കുന്നത്. അച്ചടക്ക ലംഘനം ഏത് ഭാഗത്ത് നിന്നുണ്ടായാലും കര്‍ശന നടപടിയുണ്ടാകുമെന്നും ദേശീയ നേതൃത്വം വ്യക്തമാക്കി. സ്ഥാനമേറ്റെടുക്കാനുള്ള അന്തിമ സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും ഇനിയൊട്ടും വൈകരുതെന്നാണ് നിര്‍ദേശം.
Story Highlights: bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here