കൊവിഡ് 19; ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കുവൈറ്റ്
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈറ്റ് വിലക്ക് ഏര്‍പ്പെടുത്തി. ഏഴ് ദിവസത്തേക്കാണ് നിയന്ത്രണം. വിലക്ക് പ്രാബല്യത്തില്‍ വന്നതോടെ കരിപ്പൂരില്‍ നിന്ന് ഇന്ന് രാവിലെ പുറപ്പെടേണ്ട 170 യാത്രക്കാരെ അധികൃതര്‍ തിരികെ അയച്ചു. ഇന്ന് രാവിലെ 8.20 ന് പുറപ്പെടുന്ന കുവൈത്ത് വിമാനത്തിന് പോകേണ്ടവരാണ് തിരികെ പോകേണ്ടി വന്നത്.
ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീന്‍സ്, ഈജിപ്ത്, സിറിയ, ലെബനന്‍ എന്നീ ഏഴ് രാജ്യങ്ങളിലെ യാത്രക്കാര്‍ക്കാണ് വിലക്ക്. ഇന്ന് രാവിലെയാണ് ഇത് സംബന്ധിച്ച അറിയിപ്പ് വിമാനത്താവളങ്ങളില്‍ ലഭിക്കുന്നത്. കൊവിഡ് 19 കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. പുതിയ നടപടി മലയാളികളെ വലിയ രീതിയില്‍ ബാധിക്കും.
ഈ മാസം എട്ടു മുതല്‍ കുവൈറ്റിലേക്ക് വരുന്ന പത്ത് രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ കൊവിഡ് 19 വൈറസ് ബാധിതരല്ലെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നേരത്തെ കുവൈറ്റ് ഉത്തരവിട്ടിരുന്നു. ഇത് പിന്നീട് മരവിപ്പിച്ചു.
പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതായിരുന്നു തീരുമാനം. ഇന്ത്യ, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, അസര്‍ബൈജാന്‍, തുര്‍ക്കി, ശ്രീലങ്ക, ജോര്‍ജിയ, ലബനാന്‍ എന്നീ രാജ്യക്കാര്‍ വിമാനത്താവളത്തില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു ഉത്തരവ്. ഈ ഉത്തരവ് പ്രവാസികളില്‍ വലിയ ആശങ്കയ്ക്ക് വഴിവച്ചിരുന്നു.
അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസി ഹെല്‍ത്ത് സെന്ററുകളില്‍ നിന്ന് വൈറസ് ബാധിതരല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നേടണമെന്നായിരുന്നു ഉത്തരവിട്ടിരുന്നത്. എന്നാല്‍ ഉത്തരവ് തൊഴില്‍ രംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നതിനാലാണ് പിന്‍വലിച്ചത്. ഇതിന് പിന്നാലെയാണ് യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ ഉത്തരവ്.
Story Highlights: kuwait, coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here