ചവറ എംഎല്‍എ എന്‍ വിജയന്‍ പിള്ള അന്തരിച്ചു

ചവറ എംഎല്‍എ എന്‍ വിജയന്‍ പിള്ള അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ചവറ മടപ്പള്ളി വിജയ മന്ദിരത്തില്‍ മെമ്പര്‍ നാരായണപിള്ളയുടെയും ഭവാനിയമ്മയുടെയും മൂത്ത മകനായി 1951 ഏപ്രില്‍ നാലിനായിരുന്നു ജനനം. ആര്‍എസ്പിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ എന്‍ വിജയന്‍ പിള്ള ബേബി ജോണിന്റെ ഏറ്റവും അടുത്ത അനുയായി ആയിരുന്നു. 1979 മുതല്‍ 2000 വരെ ചവറ പഞ്ചായത്ത് അംഗമായി. പിന്നീട് 2000 – 2005 കാലഘട്ടത്തില്‍ കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം. 2016 ല്‍ ചവറയില്‍ നിന്ന് സിഎംപി ടിക്കറ്റില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി ആദ്യമായി നിയമസഭയിലേക്ക്.

മൃതദേഹം കൊച്ചിയില്‍ നിന്ന് 11 മണിയോടെ കരുനാഗപ്പള്ളിയില്‍ എത്തും. കരുനാഗപ്പള്ളിയില്‍ നിന്ന് വിലാപയാത്രയായി സിപിഐഎം ചവറ ഏരിയാ കമ്മിറ്റി ഓഫീസില്‍ എത്തിക്കും. സിപിഐഎം ചവറ ഏരിയാ കമ്മിറ്റി ഓഫീസ്, എംഎല്‍എ ഓഫീസ്, ചവറ പഞ്ചായത്ത് എന്നിവടങ്ങളില്‍ പൊതുദര്‍ശനം നടത്തും. നാളെ രാവിലെ 9.30 നാണ് സംസ്‌കാരം.

Story Highlights: n vijayan pillai mla

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top