കൊവിഡ് 19; നെടുമ്പാശേരി വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കി

ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കി. കളക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗവും ചേര്‍ന്നു. പത്തനംതിട്ട സ്വദേശികള്‍ സഞ്ചരിച്ച ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലെ ജീവനക്കാരുടേയും യാത്രക്കാരുടേയും വിവരങ്ങള്‍ യോഗം ശേഖരിച്ചു.

ഇറ്റലിയില്‍ നിന്നുമെത്തിയ പത്തനംതിട്ട സ്വദേശികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ എസ് സുഹാസിന്റ നേത്യത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ അടിയന്തര യോഗം ചേര്‍ന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പാളിച്ച സംഭവിച്ചിട്ടുണ്ടോയെന്ന് യോഗം പരിശോധിച്ചു. എന്നാല്‍ കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും പരിശോധനയുമാണ് വിമാനത്താവളത്തില്‍ നടക്കുന്നതെന്ന് കളക്ടര്‍ക്ക് ഉറപ്പിക്കാന്‍ കഴിഞ്ഞു.

ഇതോടേ ദോഹയില്‍ നിന്ന് നെടുമ്പാശേരിയില്‍ പത്തനംതിട്ട സ്വദേശികള്‍ എത്തിയ ദിവസം രാവിലെ വിമാനത്താവളത്തിലുണ്ടായിരുന്നവര്‍ പരിശോധനയ്ക്ക് വിധേയമാകണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. വിദേശത്തുനിന്നെത്തുന്ന മുഴുവന്‍ യാത്രക്കാരെയും ഇപ്പോള്‍ പരിശോധിക്കുന്നുണ്ടെന്നും കളക്ടര്‍ എസ്. സുഹാസ് വ്യക്തമാക്കി.

അന്നേ ദിവസം പത്തനംതിട്ട സ്വദേശികള്‍ക്കൊപ്പം വിമാനത്തിലുണ്ടായ മുഴുവന്‍ അളുകളുടേയും പേരും മേല്‍വിലാസവും അതാത് ജില്ലകളിലെ ആരോഗ്യ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

Story Highlights: Covid 19, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top