Advertisement

ആറ്റുകാൽ പൊങ്കാലയ്‌ക്കെത്തുന്നവർ ഇത് ശ്രദ്ധിക്കൂ; ഡോക്ടറുടെ കുറിപ്പ്

March 8, 2020
Google News 1 minute Read

കേരളത്തിൽ അഞ്ച് പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ കനത്ത ജാഗ്രതാ നിർദേശമാണ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനിടെ ആറ്റുകാൽ പൊങ്കാല നാളെ നടക്കും. പൊങ്കാല മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് സർക്കാർ പറയുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച് ഡോക്ടർ ഷിംന അസീസ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്.

ഷിംനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ആറ്റുകാൽ പൊങ്കാലയ്ക്ക് ഏറെ സന്നദ്ധ സംഘടനകൾ വൊളന്റിയർ ചെയ്യാറുണ്ടെന്ന് കേട്ടു. ഓരോ ഇരുനൂറ് മീറ്ററിലും അത്തരം സഹായികൾ ഉണ്ടാകും എന്നാണറിഞ്ഞത്. റസിഡന്റ് അസോസിയേഷനുകളും ഏറെ നല്ല പ്രവർത്തനങ്ങൾ ചെയ്യാറുണ്ടത്രേ… നല്ലത്.

ഇക്കുറി ആ നന്മകളുടെ കൂട്ടത്തിൽ ഉള്ളവർക്ക് പൊങ്കാലക്കലം നിറഞ്ഞ് തൂവുന്ന നേരം കൊണ്ട് അവിടെ നേർച്ചയിടാൻ വന്നവരുടെ പേരും അഡ്രസും എഴുതിയെടുത്തൂടേ? അവർ നിന്ന ഓർഡർ അടക്കം ഒരു കൊച്ചു ചിത്രമായി പേപ്പറിന് സൈഡിൽ മാർക്ക് ചെയ്യുക കൂടി ചെയ്താൽ നല്ലൊരു ഡാറ്റ ബേസ് ആകും. അത് അവിടുത്തെ ആരോഗ്യപ്രവർത്തകർക്ക് കൈമാറാം. ആർക്കും അസുഖം വരാതിരിക്കട്ടെ. എന്നാലും വന്നാൽ കോണ്ടാക്ട് ട്രേസിംഗ് നടക്കുമല്ലോ. ഒന്നാലോചിച്ച് കൂടേ?

കൂടെ കുറച്ച് നിർദ്ദേശങ്ങൾ കൂടി.

*പനി, തുമ്മൽ, മൂക്കൊലിപ്പ്, തൊണ്ടവേദന, ക്ഷീണം, ശ്വാസതടസം തുടങ്ങിയവ ഉള്ളവർ പൊങ്കാലയിൽ നിന്ന് മാറി നിൽക്കുക.

* സർജിക്കൽ മാസ്‌ക് ശരിയായ രീതിയിൽ ധരിക്കുക. ധരിച്ച ശേഷം മാസ്‌കിലോ മുഖത്തോ തൊടാതിരിക്കുക.

* കൈ തൊട്ടോ കെട്ടിപ്പിടിച്ചോ സൗഹൃദം പങ്കുവയ്ക്കരുത്

* കൈ ഇടക്കിടെ സോപ്പിട്ട് കഴുകാനുള്ള സംവിധാനങ്ങൾ കുറച്ച് പേർ ചേർന്ന് ചെയ്യുക. ഇടക്കിടെ കൈ കഴുകുക. ഒരു കാരണവശാലും ഹാന്റ് സാനിറ്റൈസറുകൾ കൊണ്ട് പോകരുത്. അവയിൽ ആൽക്കഹോൾ ഉള്ളതിനാൽ തീ പിടിത്തം സംഭവിച്ചേക്കാം.

* എത്രയും പെട്ടെന്ന് തന്നെ ചടങ്ങ് തീർത്ത് ഇറങ്ങുക. ദർശനവും പ്രാർത്ഥനയുമെല്ലാം ഇനിയുമാവാമല്ലോ.

* പൊതുവാഹനങ്ങളിൽ തിക്കിതിരക്കുന്ന അവസ്ഥ ഒഴിവാക്കാൻ ശ്രമിക്കുക. രോഗം പടരാൻ ഇതിലും മികച്ച മറ്റൊരിടമില്ല.

*സാധിക്കുമെങ്കിൽ ഈ വർഷം പൊങ്കാലയിൽ നിന്ന് വിട്ട് നിൽക്കാം. അല്ലെങ്കിൽ മേൽ പറഞ്ഞതെല്ലാം ആവുംവിധം ശ്രദ്ധിക്കാം.

ഭയമല്ല ജാഗ്രതയാണ് വേണ്ടത്. അത് തന്നെയാണ് പലവുരു ഓർമ്മിപ്പിക്കുന്നതും.

story highlights- corona virus, attukal pongala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here