Advertisement

ആറ്റുകാല്‍ പൊങ്കാല ഇന്ന്; കൊവിഡിന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത

March 9, 2020
1 minute Read

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കര്‍ശന ജാഗ്രതയില്‍ ഇന്ന് ആറ്റുകാല്‍ പൊങ്കാല. ഇത്തവണ പൊങ്കാലക്കായി നാല്പത് ലക്ഷത്തിലധികം സ്ത്രീകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുംഭപൗര്‍ണമി ദിനമായ ഇന്ന് രാവിലെ 10.20 നാണ് പൊങ്കാല ചടങ്ങുകള്‍ തുടങ്ങുന്നത്. ഭക്തരുടെ ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്.

സര്‍വാഭരണ വിഭൂഷിതയായ ആറ്റുകാലമ്മയെ ഒരു നോക്ക് കാണാനുള്ള ആഗ്രഹത്താല്‍ ദൂരെ ദിക്കുകളില്‍ നിന്ന് വരെ നിരവധി പേരാണ് ആറ്റുകാലിലേക്ക് എത്തിയിരിക്കുന്നത്. രാവിലെ 9.45 ന് ശുദ്ധപുണ്യാഹ ചടങ്ങുകള്‍ക്ക് ശേഷമാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കുന്നത്. ക്ഷേത്രത്തിന് മുന്നില്‍ നിന്നും തോറ്റംപാട്ടുകാര്‍ കണ്ണകി ചരിതത്തില്‍ പണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം പാടിക്കഴിഞ്ഞാലുടന്‍ തന്ത്രി ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തിക്ക് കൈമാറും.

മേല്‍ശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിച്ച ശേഷം അതേ ദീപം സഹമേല്‍ശാന്തിക്ക് കൈമാറും. സഹമേല്‍ശാന്തി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്‍വശത്ത് ഒരുക്കിയിട്ടുള്ള പൊങ്കാല അടുപ്പിലും തീ പകരും. തുടര്‍ന്ന് ദീപം പൊങ്കാല അടുപ്പുകളിലേക്ക് കൈമാറുന്നതോടെ നഗരം ഒരു യാഗശാലയായി മാറും. ഉച്ചയ്ക്ക് 2.10 നാണ് പൊങ്കാല നിവേദ്യം. ദേവി ദര്‍ശനത്തിനായി ഒഴുകി എത്തുന്ന ഭക്തരാല്‍ വലിയ തിരക്കാണ് ആറ്റുകാലിലിലും പരിസരത്തും അനുഭവപ്പെടുന്നത്.

അതേസമയം, കൊവിഡ് 19 രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പൊങ്കാലയില്‍ നിന്ന് സ്വമേധയാ വിട്ട് നില്‍ക്കണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആകെ 732 പേര്‍ നിരീക്ഷണത്തിലാണ്. പൊങ്കാലയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കണം.

Story Highlights: aattukal ponkala ulsavam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top