ദൈവത്തിന്റെ സ്വന്തം നാട് എന്ന് കേരളത്തെ വിളിക്കുന്നതിൽ അതിശയമില്ല: ബാർതലോമ്യൂ ഓഗ്ബച്ചെ

ദൈവത്തിൻ്റെ സ്വന്തം നാട് എന്ന് കേരളത്തെ വിളിക്കുന്നതിൽ അതിശയമില്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ് നായകൻ ബാർതലോമ്യൂ ഓഗ്ബച്ചെ. ഐഎസ്എലിനു വേണ്ടി ആനന്ദ് ത്യാഗിക്കു നൽകിയ വൺ ഓൺ വൺ അഭിമുഖത്തിലാണ് ഓഗ്ബച്ചെ കേരളത്തിലെ അനുഭവത്തെപ്പറ്റി വാചാലനായത്. ഇന്ത്യയിലേക്ക് വരുന്നത് എളുപ്പമായിരുന്നില്ലെന്നും ഭാര്യയെയും മക്കളെയും ഇക്കാര്യം പറഞ്ഞ് മനസ്സിലാക്കേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“കേരളത്തിൽ, ആലപ്പുഴയിൽ പോയിരുന്നു. അവിടെ ഹൗസ് ബോട്ടും മറ്റും നന്നായി ആസ്വദിച്ചു. പിന്നെ ഒരു വെള്ളച്ചാട്ടം, ആതിരപ്പള്ളി വെള്ളച്ചാട്ടത്തിൽ പോയിരുന്നു. കേരളത്തെ ദൈവത്തിൻ്റെ സ്വന്തം നാടെന്ന് വിളിക്കുന്നതിന് കാരണമുണ്ട്. കേരളത്തിൽ എല്ലാമുണ്ട്. നിങ്ങൾ കേരളത്തെ സ്നേഹിച്ചു പോകും. നിങ്ങൾ തീർച്ചയായും കേരളത്തെ സ്നേഹിച്ചു പോകും. ഞാൻ ഇപ്പോൾ കേരളത്തിലാണ് താമസിക്കുന്നത്. ആ സ്ഥലവുമായി ഞാൻ പ്രണയത്തിലായിപ്പോയി.”- ഓഗ്ബച്ചെ പറഞ്ഞു.
യൂറോപ്പിലെ പല ക്ലബുകളിൽ നിന്നും തനിക്ക് ഓഫറുകൾ വന്നിരുന്നു എന്നും ഓഗ്ബച്ചെ കൂട്ടിച്ചേർത്തു. അതൊക്കെ തള്ളിയാണ് ഇന്ത്യയിലേക്ക് വന്നത്. അടുത്ത സുഹൃത്തായ ഹൈദരാബാദ് എഫ്സി താരം റാഫ ലോപസുമായി സംസാരിച്ചതിനു ശേഷമാണ് തീരുമാനം എടുത്തത്. ആദ്യം സ്വയം കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കേണ്ടിയിരുന്നു. പിന്നെ കുടുംബത്തെയും ഇക്കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കേണ്ടിയിരുന്നു എന്നും ഓഗ്ബച്ചെ പറഞ്ഞു.
അഭിമുഖത്തിനിടെ ഇന്ത്യയുടെ അടുത്ത ഛേത്രി മലയാളി താരം സഹൽ അബ്ദുൽ സമദാണെന്ന് ഓഗ്ബച്ചെ പറഞ്ഞിരുന്നു. സഹലിനെ പുകഴ്ത്തൽ കൊണ്ട് മൂടിയ അദ്ദേഹം സാമുവൽ ലാൽമുവാംപുയയെയും സംസാരത്തിൽ സൂചിപ്പിച്ചു.
വരുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാവുമോ എന്ന് ഇപ്പോൾ പറയാനാവില്ല എന്നും ഓഗ്ബച്ചെ പറഞ്ഞിരുന്നു. അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാവുമോ എന്നത് ഉടൻ അറിയിക്കാമെന്നും ഇപ്പോൾ അത് പറയാനാവില്ലെന്നും ഓഗ്ബച്ചെ പറഞ്ഞു.
Story Highlights: kerala gods own country bartolomeu ogbeche
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here