സംസ്‌കരിക്കാൻ പണമില്ല; അമ്മയുടെ മൃതദേഹം കലുങ്കിനടിയിൽ തള്ളി മകൻ; അറസ്റ്റ്

അമ്മയുടെ മൃതദേഹം സംസ്‌കരിക്കാതെ കലുങ്കിനടിയിൽ തള്ളി മകൻ. മാവേലിക്കര ചെട്ടികുളങ്ങര അമലാ ഭവനിൽ പരേതനായ ബേബിയുടെ ഭാര്യ അമ്മുക്കുട്ടി (76) ആണ് മരിച്ചത്. സംഭവത്തിൽ മകൻ അലക്‌സ് ബേബി (46)യെ പൊലീസ് അറസ്റ്റു ചെയ്തു. സംസ്‌കരിക്കാൻ പണമില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്നാണ് അലക്‌സ് പൊലീസിന് നൽകിയ മൊഴി.
പിതാവ് ബേബി മരിച്ച ശേഷം അലക്‌സ് മാവേലിക്കരയിലെ വസ്തുക്കൾ വിറ്റിരുന്നു. തുടർന്ന് അമ്മയുമൊത്ത് വിവിധയിടങ്ങളിൽ താമസിച്ചു. കഴിഞ്ഞ രണ്ടര വർഷമായി ചിങ്ങവനത്തെ സ്വകാര്യ ലോഡ്ജിലായിരുന്നു താമസം. കഴിഞ്ഞ ബുധനാഴ്ച രാവിലെ അമ്മുക്കുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. എന്നാൽ അലക്സ് ആശുപത്രിയിൽ കൊണ്ടുപോകുവാൻ തയ്യാറായില്ല. ഉച്ചയോടെ അമ്മുക്കുട്ടി മരിച്ചു.
രാത്രി ഒൻപതോടെ മൃതദേഹം ലോഡ്ജ് മുറിയിൽ നിന്നെടുത്ത് അലക്‌സ് സ്വന്തം കാറിൽ കയറ്റി. ലോഡ്ജ് ജീവനക്കാരോട് അമ്മയ്ക്ക് അസുഖമാണെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്നുമാണ് പറഞ്ഞത്. മൃതദേഹം കാറിലിരുത്തി ചങ്ങനാശേരി-അയർക്കുന്നം വഴി കൊണ്ടുപോയി പാലാ-തൊടുപുഴ റോഡിൽ കലുങ്കിനോട് ചേർന്നുള്ള ചെടികൾ നിറഞ്ഞ ഓടയിൽ തള്ളുകയായിരുന്നു. പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here