മധ്യപ്രദേശിൽ വിമതർക്ക് മന്ത്രി സ്ഥാനം നൽകി ഭരണം നിലനിർത്താൻ കോൺഗ്രസ് ശ്രമം

വിമതർക്ക് മന്ത്രി സ്ഥാനം നൽകി മന്ത്രിസഭ നിലനിർത്താൻ മധ്യപ്രദേശിൽ കോൺഗ്രസ് ശ്രമം. ഇതിന്റെ ഭാഗമായി 20 മന്ത്രിമാർ മുഖ്യമന്ത്രി കമൽനാഥിന് രാജി സമർപ്പിച്ചു. അതേസമയം ആറ് മന്ത്രിമാർ ഉൾപ്പെടെ 18 എംഎൽഎമാർ ഇപ്പോഴും ബംഗളൂരുവിലെ റിസോർട്ടിൽ തുടരുകയാണ്. വിമതരുടെ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ അനുനയിപ്പിക്കാൻ എന്നാൽ ഇതുവരെയും പാർട്ടി ദേശീയ നേതൃത്വത്തിന് സാധിച്ചിട്ടില്ല.
Read Also: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു
മന്ത്രിമാർ അടക്കമുള്ള 18 എംഎൽഎമാർ ബംഗളൂരുവിലെ റിസോർട്ടിലേക്ക് മാറിയതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി ഡൽഹിയിൽ നിന്ന് തലസ്ഥാനമായ ഭോപ്പാലിലേക്ക് മടങ്ങി എത്തി. തുടർന്ന് രാത്രിയോടെ ആയിരുന്നു കാബിനെറ്റ് യോഗം. നിലവിലുള്ള പ്രതിസന്ധി മറികടക്കാനുള്ള മാർഗങ്ങളാണ് യോഗം ചർച്ച ചെയ്തത്. തുടർന്നായിരുന്നു കമൽനാഥ് വിഭാഗം മന്ത്രിമാരുടെ രാജി തീരുമാനം. ആഭ്യന്തര മന്ത്രി ബാലാ ബച്ചൻ, ധനമന്ത്രി തരുൺ ഭാനൂട്ട്, നിയമ മന്ത്രി പി സി ശർമ്മ മുതലായവരാണ് രാജിവച്ചവരിൽ പ്രമുഖർ. വിമതരെ ഉൾപ്പെടുത്തി പുനഃസംഘടന നടത്തി മന്ത്രി സഭ നിലനിർത്താനാണ് കമൽനാഥിന്റെ ശ്രമം.
അതേസമയം പുതിയ നീക്കത്തോട് ജ്യോതിരാധിത്യ വിഭാഗം ഇതുവരെയും അനുകൂലമായി പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി സ്ഥാനവും പാർട്ടി അധ്യക്ഷ സ്ഥാനവും ഇപ്പോൾ വഹിക്കുന്നത് കമൽ നാഥാണ്. ഇതിൽ പാർട്ടി അധ്യക്ഷ സ്ഥാനം കൂടി കമൽനാഥ് ഒഴിയണം എന്ന ആവശ്യം വിമതർ മുന്നോട്ട് വയ്ക്കുന്നു. ഇക്കാര്യത്തിൽ പക്ഷേ അനുകൂല തീരുമാനം കൈക്കൊള്ളാൻ ദേശീയ നേതൃത്വവും തയാറായിട്ടില്ല. ആസന്നമായിരിക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പ് കൂടി മുൻനിർത്തി വിലപേശൽ ശക്തമാക്കുകയാണ് ജ്യോതിരാദിത്യ സിന്ധ്യ വിഭാഗം. ജ്യോതിരാദിത്യ സിന്ധ്യ ഇപ്പോഴും ഡൽഹിയിലാണ് ഉള്ളത്. ബിജെപി ഇന്ന് നിയമസഭാ കക്ഷി നേതൃയോഗം ഭോപ്പാലിൽ വിളിച്ചിട്ടുണ്ട്. ലഭിക്കുന്ന സൂചന അനുസരിച്ച് ഒരു ഇടവേളയ്ക്ക് ശേഷം യോഗം ശിവരാജ് സിംഗ് ചൗഹാനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കും എന്നാണ് വിവരം. അങ്ങനെയെങ്കിൽ മന്ത്രിസഭാ രൂപീകരണ നീക്കമായി അതുമാറും. 230 അംഗ നിയമസഭയിൽ കോൺഗ്രസിന്റെ അംഗസംഖ്യ ഇപ്പോൾ 113 ആണ്. സ്വതന്ത്രർ (4), ബിഎസ്പി (2), എസ്പി (1) എന്നിവർ സഹിതം 121 അംഗങ്ങളുടെ പിന്തുണ ഭരണകക്ഷിക്കുണ്ടായിരുന്നു. ബിജെപിക്ക് 107 അംഗങ്ങളാണ് ഉള്ളത്.
madhya pradesh, congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here