കൊവിഡ് 19: ഇന്ത്യൻ പരമ്പരയിൽ ഹസ്തദാനം വേണ്ടെന്ന് ദക്ഷിണാഫ്രിക്ക

ലോകവ്യാപകമായി കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കെതിരായ പരമ്പരയിൽ ഹസ്തദാനം വേണ്ടെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം. ഇന്ത്യൻ ടീമിലെയും സ്വന്തം ടീമിലെയും കളിക്കാർക്ക് ഹസ്തദാനം നൽകേണ്ടെന്നാണ് തീരുമാനം. ദക്ഷിണാഫ്രിക്കൻ പരിശീലകൻ മാർക്ക് ബൗച്ചറാണ് ഇക്കാര്യം അറിയിച്ചത്.

“മത്സരത്തിനു ശേഷം താരങ്ങൾ പരസ്പരം ഹസ്തദാനം നടത്തുന്നത് ക്രിക്കറ്റിൽ ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കാനാണ് ടീം മാനേജ്മെന്റിന്റെ നിർദേശം.” – ബൗച്ചർ പറഞ്ഞു. ഇന്ത്യയിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് പര്യടനത്തിനുള്ള അനുമതി നൽകിയതെന്നും ബൗച്ചർ കൂട്ടിച്ചേർത്തു.

നേരത്തെ പര്യടനം ദക്ഷിണാഫ്രിക്ക റദ്ദാക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതൊക്കെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് തള്ളിയിരുന്നു. മൂന്ന് എകദിനങ്ങൾക്കായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ എത്തുക. മാർച്ച് 12ന് ധരംശാലയിൽ വച്ച് ആരംഭിക്കുന്ന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ കൊൽക്കത്ത, ലക്നൗ എന്നിവിടങ്ങളിൽ നടക്കും.

പരുക്കേറ്റ് പുറത്തായിരുന്ന ഹർദ്ദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ശിഖർ ധവാൻ എന്നിവർ ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തി. പരുക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന രോഹിത് ടീമിൽ ഇടം നേടിയില്ല. പേസർ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചു. ഇവർക്കൊപ്പം ശുഭ്മൻ ഗില്ലും ടീമിൽ ഇടം നേടി. ശിവം ദുബെ, മായങ്ക് അഗർവാൾ, ശർദുൽ താക്കൂർ, കേദാർ ജാദവ് എന്നിവർ ടീമിൽ നിന്ന് പുറത്തായി. മുൻ താരം സുനിൽ ജോഷിയുടെ കീഴിലുള്ള സെലക്ഷൻ കമ്മറ്റി ചുമതല ഏറ്റതിനു ശേഷം ആദ്യമായി പ്രഖ്യാപിച്ച ടീം ആണ് ഇത്.

ന്യൂസീലൻഡിനെതിരെ ഏകദിന, ടെസ്റ്റ് പരമ്പരകൾ വൈറ്റ് വാഷ് ചെയ്യപ്പെട്ടത് ഇന്ത്യക്ക് ക്ഷീണമാണ്. അതേ സമയം, ഡികോക്കിൻ്റെ നായകത്വത്തിനു കീഴിൽ മെച്ചപ്പെട്ട പ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരിയിരുന്നു.

Story Highlights: South Africa Players Likely to Avoid Customary Handshakes in India

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top